തിരുവനന്തപുരം: സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ഡോ. ബിജു. അടൂരിന്‍റെ പരാമര്‍ശം വരേണ്യ ബോധ്യത്തില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അഭിപ്രായങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയാന്‍ അദേഹത്തിന് ധൈര്യം നല്‍കുന്നത് അതാണെന്നും ആ ധൈര്യത്തിന്റെ അടിസ്ഥാനം എലൈറ്റിസമാണെന്നും ബിജു വിമര്‍ശിച്ചു. ആ വാക്കുകള്‍ക്ക് വലിയ കയ്യടി കിട്ടുന്നു എന്നതാണ് കേരളത്തിന്റെ സമകാലിക സാമൂഹിക യാഥാര്‍ത്ഥ്യവും ദുരന്തവുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്എഫ്ഡിസി നല്‍കുന്ന ധനസഹായത്തെ കുറിച്ച് പൊതു സമൂഹം ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും ബിജു പറഞ്ഞു. ഈ ഫണ്ട് നല്‍കുന്നതിന് കൃത്യമായ ഒരു തെരഞ്ഞെടുപ്പ് രീതിയും വിദഗ്ധ സമിതിയുമുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു. ഒരു തവണ താനും തെരഞ്ഞെടുപ്പ് ജൂറിയില്‍ അംഗം ആയിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകന്‍ ജോണ്‍ പോള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ആയിരുന്നു ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയും പോലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും വനിതകള്‍ക്കും അവര്‍ ആ വിഭാഗത്തില്‍പ്പെട്ടവര്‍ ആണെന്നത് കൊണ്ട് വെറുതെ അങ്ങ് വാരിക്കോരി കൊടുക്കുന്നതല്ല ഈ പദ്ധതി. തെരഞ്ഞെടുക്കപ്പെടുന്ന സംവിധായകര്‍ക്ക് പല രീതിയിലുള്ള മെന്റര്‍ഷിപ്പ് നല്‍കിയ ശേഷം ആണ് അവര്‍ സിനിമ നിര്‍മിക്കുന്നത്. നിര്‍മാതാവ് എന്ന നിലയില്‍ ഓരോ സിനിമയുടെയും തുക ചെലവഴിക്കുന്നത് കെഎസ്എഫ്ഡിസി നേരിട്ട് തന്നെയാണ്. ഒന്നരക്കോടി രൂപ സിനിമാ നിര്‍മാണത്തിന് നല്‍കുന്നു എന്ന് പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ ഒരു കോടി പത്ത് ലക്ഷം രൂപ മാത്രമാണ് സിനിമയുടെ നിര്‍മാണത്തിനായി കെഎസ്എഫ്ഡിസി നല്‍കുന്നത്. ബാക്കി നാല്‍പ്പത് ലക്ഷം രൂപ സിനിമകളുടെ വിതരണത്തിനും മാര്‍ക്കറ്റിനും മാറ്റി വെക്കുന്നു എന്നാണ് പറയപ്പെടുന്നത്’, ബിജു പറഞ്ഞു.
കെഎസ്എഫ്ഡിസിയുടെ വനിതാ സംവിധായകരുടെ പദ്ധതിയിലൂടെ അഞ്ചു സിനിമകളും പട്ടികജാതി പട്ടികവര്‍ഗ്ഗ സിനിമാ വിഭാഗത്തില്‍ മൂന്നു സിനിമകളും പുറത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ പല സിനിമകളും നിരവധി അന്തര്‍ദേശീയ ചലച്ചിത്ര മേളകളിലേക്ക് ഇടം നേടുകയും അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടുകയും ചെയ്ത സാഹചര്യത്തില്‍ ഇവരുടെ കഴിവുകളെ റദ്ദ് ചെയ്യുന്ന പ്രസ്താവന ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അടൂര്‍ ഗോപാലകൃഷ്ണനും എന്‍എഫ്ഡിസിയുടെ ഫിലിം ഫണ്ടില്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്‍എഫ്ഡിസി സിനിമാ നിര്‍മാണത്തിനായി നല്‍കുന്ന തുകയും ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും ആണെന്നതില്‍ സംശയം ഇല്ലല്ലോ. എന്‍എഫ്ഡിസി സിനിമാ നിര്‍മാണത്തിനായി തുക നല്‍കുമ്പോള്‍ അത് കിട്ടുന്ന ആളുകള്‍ക്ക് തീവ്രമായ പരിശീലനം നല്‍കിയ ശേഷമേ സിനിമ നിര്‍മിക്കാവൂ എന്ന അഭിപ്രായം കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുന്നോട്ടു വെക്കാതിരുന്നത് എന്തുകൊണ്ടാണ്’, ബിജു ചോദിച്ചു.



