കൊച്ചി: മാർച്ച് 27ന് ആയിരുന്നു മലയാളികൾ ഒന്നടങ്കം കാത്തിരുന്ന എമ്പുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിലെത്തിയ ചിത്രം ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടി ആയിരിക്കുകയാണ്. ഇതിനിടയിൽ ചില രംഗങ്ങളുടെ പേരിൽ വിവാദങ്ങളിലും എമ്പുരാൻ അകപ്പെട്ടിരുന്നു. ഒടുവില്‍ റീ എഡിറ്റിങ്ങിന് വിട്ട ചിത്രത്തിൽ 24 മാറ്റങ്ങളാണ് വന്നത്. കഴിഞ്ഞ ദിവസം ഈ പതിപ്പ് തിയറ്ററുകളിൽ എത്തുകയും ചെയ്തിരുന്നു.
എഡിറ്റിന് പിന്നാലെ ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് ഉണ്ടായെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റർ ഉടമകൾ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ അവസരത്തിൽ കഴിഞ്ഞ ദിവസം അതായത് ഏപ്രിൽ രണ്ടാം തിയതിയിലെ ബുക്ക് മൈ ഷോയിലെ ബുക്കിംഗ് വിവരങ്ങൾ പുറത്തുവരികയാണ്. ലിസ്റ്റിൽ എമ്പുരാൻ ആണ് ഒന്നാമത്. 1,14,000 ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം മാത്രം ബുക്ക് മൈ ഷോയിൽ നിന്നും എമ്പുരാന്റേതായി വിറ്റഴിഞ്ഞതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.