ചെന്നൈ : കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിഴയകൻ അറസ്റ്റിൽ. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിഴയകന്റെ അറസ്റ്റ്. മനപൂർവമല്ലാത്ത നരഹത്യ കുറ്റം ഉൾപ്പെടെ അഞ്ച് വകുപ്പുകളാണ് മതിഴകനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കരൂരിൽ പരിപാടിയ്ക്ക് അനുമതി ചോദിച്ച് ജില്ലാ കലക്ടർക്ക് കത്ത് നൽകിയത് മതിഴയകൻ ആയിരുന്നു. രണ്ട് ടിവികെ നേതാക്കൾ കൂടി അറസ്റ്റിലാകുമെന്നാണ് വിവരം.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ നടത്തിയ ആരോപണത്തിന്റെ പേരിൽ ചെന്നൈയിൽ രണ്ട് ടിവികെ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. സഹായം, ശിവനേശൻ എന്നിവരാണ് അറസ്റ്റിലായത്. കരൂർ ദുരന്തത്തിനു പിന്നിൽ ഡിഎംകെ പ്രവർത്തകരാണെന്ന് ഇവർ ഫെയ്സ്ബുക്കിൽ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
അപവാദങ്ങളും കിംവദന്തികളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ഇന്ന് പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് സ്റ്റാലിന്‍റെ അഭ്യർഥന. ഒരു രാഷ്ട്രീയ നേതാവും തന്റെ അനുയായികളോ മറ്റു ജനങ്ങളോ മരിക്കാന്‍ ആഗ്രഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



