ന്യൂഡൽഹി: ആഭ്യന്തര പണപ്പെരുപ്പം കുറക്കുന്നതിന്റെ ഭാഗമായി വിവിധ തരം കാർഷിക, സംസ്കരിച്ച ഭക്ഷ്യവസ്തുക്കളെ പകരച്ചുങ്കത്തിൽ നിന്ന് യു.എസ് ഒഴിവാക്കി. ഇന്ത്യൻ കയറ്റുമതിക്ക് ഗുണകരമാകുന്ന തീരുമാനമാണിത്. കഴിഞ്ഞ ഏപ്രിലിൽ ട്രംപിന്റെ തീരുവ പ്രഖ്യാപനം ഇന്ത്യൻ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു.
കാപ്പി, ചായ, സീസണൽ പഴവർഗങ്ങൾ, പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് നിരവധി ഉൽപ്പന്നങ്ങൾ എന്നിവയുടെ തീരുവ യു.എസ് സർക്കാർ നിർത്തലാക്കുകയാണെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ടാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈ വർഷം ആഗസ്റ്റിൽ ഏർപ്പെടുത്തിയ രാജ്യാടിസ്ഥാനത്തിലുള്ള പകരച്ചുങ്കത്തിൽ നിന്ന് ഒഴിവാക്കിയ സാധനങ്ങളുടെ പുതുക്കിയ പട്ടികയും വൈറ്റ്ഹൗസ് പുറത്തിറക്കി. 229 കാർഷിക ഇനങ്ങൾ ഉൾപ്പെടെ 254 ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളുന്ന ഇളവുകൾ ഇന്ത്യയുടെ യു.എസിലേക്കുള്ള കയറ്റുമതിയുടെ ഏതാണ്ട് 100 കോടി ബില്യൺ ഡോളറാണ്.



