ദോഹ: ലുസൈലിൽ പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി വിസിറ്റ് ഖത്തർ ഒരുക്കിയ സ്‌കൈ ഫെസ്റ്റിവലിൽ സന്ദർശകരായെത്തിയത് 3 ലക്ഷത്തിലധികം പേർ. വ്യാഴാഴ്ച തുടങ്ങിയ ഫെസ്റ്റ് ശനിയാഴ്ച രാത്രിയോടെ സമാപിച്ചു. ഖത്തറിലേയും ഗൾഫ് മേഖലയിലേയും തന്നെ ഏറ്റവും വലുതും ആദ്യത്തേതുമായ സ്‌കൈ ഫെസ്റ്റിവലിനാണ് കൊടിയിറങ്ങിയത്. ഫെസ്റ്റിവൽ നടന്ന മൂന്ന് ദിവസങ്ങളിലും ലുസൈലിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
എയറോബാറ്റിക്‌സ്, സ്‌കൈ ഡൈവിംഗ്, സ്‌കൈ റൈറ്റിംഗ് പ്രകടനങ്ങൾ, ഹൈസ്പീഡ് ജെറ്റ് ഡിസ്‌പ്ലേകൾ തുടങ്ങിയവ വിസിറ്റ് ഖത്തറും, ഖത്തരി ദിയാറവും സംയുക്തമായി ഒരുക്കിയ ആകാശ ദൃശ്യ വിരുന്നിൽ വിസ്മയം തീർത്തു. 3,000ത്തിലധികം ഡ്രോണുകളുപയോഗിച്ചുള്ള ഡ്രോൺ ഷോയും 16 എയർക്രാ്ര്രഫുകളുടെ വിവിധ തരം പ്രകടനങ്ങളും ലേസർ ഷോയും വെടിക്കെട്ടുമെല്ലാം ഫെസ്റ്റിന്റെ ഭാഗമായിരുന്നു. ഖത്തർ, സ്‌കാൻഡിനേവിയ, യുകെ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് പരിപാടികൾ അവതരിപ്പിച്ചത്.