പാരിസ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ പണം ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സർക്കോസിക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, നാസി സഹകാരിയായ നേതാവ് ഫിലിപ്പ് പെറ്റൈൻ 1945ൽ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായതിനുശേഷം ഒരു ഫ്രഞ്ച് മുൻ നേതാവിനെയും ജയിലിലടച്ചിട്ടില്ല.
2007 മുതൽ 2012 വരെ പ്രസിഡന്റായിരുന്ന സർക്കോസി തന്റെ ജയിൽ ശിക്ഷക്കെതിരെ അപ്പീൽ നൽകിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ലാ സാന്റെ ജയിലിലെ ഏകാന്ത തടവിനുള്ള ചെറിയ സെല്ലിലാണ് അദ്ദേഹത്തെ അടച്ചതെന്നാണ് റിപ്പോർട്ട്.
പാരീസിലെ തന്റെ വില്ലയിൽ നിന്ന് ഭാര്യ കാർല ബ്രൂണി സർക്കോസിയുടെ കൈപിടിച്ച് പുറത്തുപോകുമ്പോൾ അവിടെ കൂടിയ 100ലേറെ അനുയായികൾ ‘നിക്കോളാസ്’ എന്നാർത്തു വിളിച്ചു. സീൻ നദിയുടെ തെക്കു ഭാഗത്തുള്ള 19-ാം നൂറ്റാണ്ടിൽ പണിത കുപ്രസിദ്ധമായ ജയിലിന്റെ പ്രവേശന കവാടത്തിലൂടെ 70 കാരനായ നിക്കോളസ് സർക്കോസിയെ നടത്തിക്കൊണ്ടുപോയി. കർശനമായ സുരക്ഷയുടെ ഭാഗമായി ഡസൻ കണക്കിന് പോലീസ് ഉദ്യോഗസ്ഥർ തെരുവുകൾ വളഞ്ഞിരുന്നു.



