Wednesday, March 26, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന നിലപാടാണ് സി പി എമ്മിന്റേത്: കെ.സുധാകരൻ.

നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന നിലപാടാണ് സി പി എമ്മിന്റേത്: കെ.സുധാകരൻ.

തിരുവനന്തപുരം:കണ്ണൂര്‍ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട് സംരക്ഷിക്കുമെന്ന സിപിഎം നിലപാട് നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സിപിഎം ഉള്ളത് പാര്‍ട്ടി നല്കുന്ന ഈ സംരക്ഷണം മൂലമാണ്. കൊലപാതക രാഷ്ട്രീയത്തെ സിപിഎം തള്ളിപ്പറയുന്ന അന്ന് സംസ്ഥാനത്തെ രാഷ്ട്രീയകൊലകള്‍ അവസാനിക്കും.

കൊലയാളികള്‍ക്ക് സമ്പൂര്‍ണ സംരക്ഷണമാണ് പാര്‍ട്ടി നല്കുന്നത്. അവരെ കൊലയ്ക്ക് നിയോഗിക്കുന്നതു പാര്‍ട്ടിയാണ്. സമീപകാലത്തുവരെ യഥാര്‍ത്ഥ പ്രതികള്‍ക്കു പകരം സിപിഎം ഡമ്മി പ്രതികളെയാണ് നല്കിയിരുന്നത്. അവര്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെട്ടു. പ്രതികളുടെ കോടതി വ്യവഹാരങ്ങള്‍, കുടുംബത്തിന്റെ സംരക്ഷണം, സാമ്പത്തിക സഹായം, ജോലി, ശമ്പളം, സ്മാരകം, വാര്‍ഷികം തുടങ്ങിയ എല്ലാ കാര്യങ്ങളും പാര്‍ട്ടി ഏറ്റെടുത്തു. കൊലയാളികളുടെ ക്വേട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വരെ പാര്‍ട്ടി കൂടെയുണ്ട്. മദ്യം, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് തുടങ്ങിയ എല്ലാ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്ക് പാര്‍ട്ടിയാണ് കവചം. ഭീകരസംഘടനകള്‍ ചാവേറുകളെ പോറ്റിവളര്‍ത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ടിപി ചന്ദ്രശേഖരന്‍, മട്ടന്നൂര്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ , അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ജില്ലാ കൗണ്‍സില്‍ പ്രസിഡന്റിനെ വരെ സംരക്ഷിച്ചു. നമ്മുടെ നികുതിപ്പണം വിനിയോഗിച്ച് സുപ്രീംകോടതി അഭിഭാഷകരെയാണ് നിയമപോരാട്ടത്തിൻ നിയോഗിച്ചത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം ചവുട്ടി നില്ക്കുന്നത് കബന്ധങ്ങളിലാണ് . സൂരജ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നു.

എസ്എഫ്‌ഐ സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി അവരുടെ നെറികേടുകളെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. അവരെ അപലപിച്ചിരുന്നെങ്കില്‍ യുവതലമുറയെങ്കിലും രക്ഷപ്പെടുമായിരുന്നു. പാര്‍ട്ടിയുടെയും നേതാക്കളുടെയും അക്രമങ്ങള്‍ കണ്ടു പഠിച്ച എസ്എഫ്‌ഐയും ഭീകരസംഘടനയാണ്. മാനിഷാദ എന്ന പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും കഴിയാതെപോകുന്നത് അവരുടെ രക്തപങ്കിലമായ രാഷ്ട്രീയജീവിതം കൊണ്ടാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com