അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ രാജ്യത്ത് പെട്രോളിന് വില കൂടും. അതേസമയം ഡീസല്‍ വിലയില്‍ കുറവുണ്ടാവുകയും ചെയ്യും.
സൂപ്പര്‍ 98 പെട്രോളിന് നിലവില്‍ 3.05 ദിര്‍ഹമാണ് വിലയെങ്കില്‍ നാളെ മുതല്‍ അത് 3.09 ദിര്‍ഹമായി ഉയരും. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില ഇപ്പോഴുള്ള 2.93 ദിര്‍ഹത്തില്‍ നിന്ന് മാര്‍ച്ചില്‍ 2.97 ദിര്‍മായിട്ടായിരിക്കും വര്‍ദ്ധിക്കുക. ഇ-പ്ലസ് പെട്രോളിന്റെ വില നാളെ മുതല്‍ 2.90 ദിര്‍ഹമായിരിക്കും. നിലവില്‍ 2.86 ദിര്‍ഹമാണ് ഇ-പ്ലസ് 91 പെട്രോളിന് നല്‍കേണ്ടത്. അതേസമയം ഇപ്പോള്‍ 3.38 ദിര്‍ഹമുള്ള ഒരു ലിറ്റര്‍ ഡീസലിന്റെ വില അടുത്ത മാസം 3.14 ദിര്‍ഹമായിരിക്കും. ജനുവരിയില്‍ രാജ്യത്തെ ഇന്ധന വില 52 ഫില്‍സ് വരെ കുറച്ചിരുന്നു. അതിന് ശേഷം ഫെബ്രുവരിയില്‍ 27 ഫില്‍സിന്റെ വരെ വര്‍ദ്ധനവുണ്ടാവുകയും ചെയ്‍തു.