ന്യൂഡൽഹി: രാജ്യസഭാ ചെയർമാന്റെ അഭാവത്തിൽ രാജ്യസഭ നിയന്ത്രിച്ച് ഒളിമ്പ്യൻ താരം പി ടി ഉഷ. രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അവധിയായതിനാലാണ് പി ടി ഉഷ രാജ്യസഭ നിയന്ത്രിച്ചത്. സഭ നിയന്ത്രിച്ചതിന്റെ വീഡിയോ ഉപാധ്യക്ഷ പാനലിലുള്ള ഉഷ ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്നും ഈ യാത്രയിൽ നാഴികക്കല്ലുകൾ തീർക്കാൻ കഴിയുമെന്നും ട്വിറ്റിൽ പറഞ്ഞു.
“ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റ് പറഞ്ഞ വാക്കുകൾ രാജ്യസഭാ സെഷൻ നിയന്ത്രിച്ചപ്പോൾ എനിക്ക് ഓർമ വന്നു. അധികാരമുള്ളവർക്ക് കൂടുതൽ ഉത്തരവാദിത്തവുമുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് എന്റെ മനസിലേക്ക് ഓടി വന്നത്. ജനങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തോടെ ഈ യാത്രയിൽ നാഴികക്കല്ലുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഉഷ തന്റെ ട്വീറ്റിൽ പറഞ്ഞു.
രാജ്യസഭയുടെ ഉപാധ്യക്ഷ പാനലിൽ ഡിസംബറിലാണ് ഉഷ എത്തിയത്. ചെയർമാനും ഡെപ്യൂട്ടി ചെയർമാനും ഇല്ലാത്തപ്പോൾ സഭാ നടപടികൾ നിയന്ത്രിക്കാനാണ് ഉപാധ്യക്ഷൻമാരുടെ പാനൽ. ആ പാനലിലെ ആദ്യത്തെ നാമനിർദേശം എംപിയായ ഉഷയുടെതായിരുന്നു.