Tuesday, November 12, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബജറ്റിലെ നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ

ബജറ്റിലെ നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അക്കാര്യം പ്രതിപക്ഷം ഓർക്കുന്നത് നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു.

റിലയൻസിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്തു മന്ത്രിമാരെ വരെ മാറ്റിയ പാർട്ടി ആണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015 ലെ ബജറ്റിൽ യുഡിഎഫ് സർക്കാർ 1 രൂപ അധിക നികുതി ഏർപ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നത്. സെസ് ഏർപെടുത്തേണ്ടി വന്ന സാഹചര്യം സഭയിൽ വിശദീകരിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം.

യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സമര കോലാഹലങ്ങൾ ജനം മുഖവിലക്ക് എടുക്കില്ല. ബജറ്റ് നിർദ്ദേശങ്ങൾക്ക് മുകളിൽ കൃത്യമായ മറുപടി നിയമസഭയിൽ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് തെറ്റായ കാര്യങ്ങൾ ബജറ്റിന് മുൻപും ഇപ്പോഴും പ്രചരിപ്പിക്കുന്നു. കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധന ധൂർത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളിൽ ഒരു വിഭാഗവും പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണ്. ഇപ്പോൾ അതിന്റെ ആവേശം കുറഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ കടം 2020-21 കാലത്ത് സംസ്ഥാന ജിഡിപിയുടെ 38.51 ശതമാനമായിരുന്നു ആകെ കടം. 2021-22 ൽ അത് 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്റെ കുറവുണ്ടായി. 2022-23 ലെ കണക്ക് പ്രകാരം ഇത് 36.38 ശതമാനമായി. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം ഈ സാമ്പത്തിക വർഷത്തിൽ 36.05 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2.46 ശതമാനം കുറവ് ഈ കാലത്തുണ്ടായി.

കൊവിഡ് കാലത്ത് സർക്കാരിന് അധിക ചെലവുണ്ടായി. സാമ്പത്തിക രംഗത്ത് തളർച്ചയുണ്ടായിരുന്നു. ആ സാഹചര്യത്തിൽ കടം വർധിച്ചത് സ്വാഭാവികമാണ്. അത് കേരളത്തിൽ മാത്രമല്ല. അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും ഉണ്ടായി. ജനജീവിതം ദുരിതമാകുമ്പോൾ വരുമാനം നിലയ്ക്കുമ്പോൾ അസാധാരണ സാമ്പത്തിക സാഹചര്യമാവും. അതാണ് കൊവിഡ് കാലത്ത് ഇവിടെ ഉണ്ടായത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 30-31 ശതമാനത്തിൽ നിന്ന് 38.5 ശതമാനത്തിലേക്ക് ഉയർന്നത്. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ കേരളമടക്കം സംസ്ഥാനങ്ങൾക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ് ഇതിന് കാരണം. ഇടത് സർക്കാരിന്റെ സമ്മർദ്ദം ഇതിന് പിന്നിലുണ്ടായിരുന്നു. 

കേരളത്തിന്റെ കടം കുതിച്ചുയരുന്നില്ല. 2020-21 സാമ്പത്തിക വർഷത്തിൽ 13 ശതമാനം കടത്തിന്റെ വളർച്ച കുറഞ്ഞു. 2022-23 കാലത്ത് 10.03 ശതമാനം വളർച്ച കുറഞ്ഞു. 2023-24 കാലത്ത് 10.21 ശതമാനമായി കടത്തിന്റെ വളർച്ച കുറയും. ഇത് കടക്കെണിയുടെ ലക്ഷണമല്ല. സംസാരിക്കുന്ന കണക്കുകൾ വസ്തുതകളെ തുറന്നുകാട്ടും. ഈ സർക്കാർ കാലത്ത് തനത് വരുമാനം വാർഷിക വളർച്ച 20 ശതമാനത്തിലധികമാണ്. ജിഎസ്ടി വളർച്ചാ നിരക്ക് 2021-22 ൽ 20.68 ശതമാനമാണ്. 2022-23 ൽ ജിഎസ്ടി വരുമാന വളർച്ച 25.11 ശതമാനമാണ്. ഇത് നികുതി ഭരണ രംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാനത്തിന്റെ മൂലധന ചെലവിലെ ഇടപെടലും കാരണം ഉയർന്നതാണ്. നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രചാരണം തീർത്തും അസംബന്ധമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments