വത്തിക്കാന്‍: ആഴ്ചകള്‍ നീണ്ട ആശുപത്രി വാസത്തിനിടെ വിശ്വാസികളെ കാണാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരുങ്ങുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പ ഞായറാഴ്ച ആശുപത്രിമുറിയുടെ ജനാല വഴി വിശ്വാസികളെ കാണുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഗുരുതര ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് 88കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ച മാര്‍പാപ്പ ആശുപത്രിയുടെ ചാപ്പലില്‍ പ്രാര്‍ഥിക്കുന്ന ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു.
ഞായറാഴ്ച ഉച്ചയോടെ ആശുപത്രിമുറിയുടെ ജനാല വഴി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ ആശീര്‍വദിക്കുമെന്ന് വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാ ഞായറാഴ്ചയും സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രാര്‍ഥന നടത്താറുള്ള മാര്‍പാപ്പയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഫെബ്രുവരി ഒന്‍പത് മുതല്‍ ചത്വരത്തില്‍ പ്രാര്‍ഥന നടത്താന്‍ സാധിച്ചിരുന്നില്ല. മാര്‍പാപ്പയുടെ ആരോഗ്യത്തിനായി ജെമെല്ലി ആശുപത്രിയുടെ മുന്‍പില്‍ നിരവധി വിശ്വാസികളാണ് പ്രാര്‍ഥന തുടരുന്നത്. ഇതിനിടെയാണ് വിശ്വാസികളെ കാണാന്‍ മാര്‍പാപ്പ ഒരുങ്ങുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ മാര്‍പാപ്പയ്ക്ക് നല്‍കിവരുന്ന ഓക്‌സിജന്റെ അളവ് കുറച്ചതായി അറിയിച്ചിരുന്നു. മാര്‍പാപ്പ ന്യുമോണിയയില്‍നിന്ന് മുക്തനായി വരികയാണെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളില്‍ ഒരാള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം മാര്‍പാപ്പ ആശുപത്രിവിടുന്ന തീയതി വത്തിക്കാന്‍ അറിയിച്ചിട്ടില്ല. ഏപ്രില്‍ എട്ടിന് ബ്രിട്ടനിലെ ചാള്‍സ് രാജാവുമായി മാര്‍പാപ്പ കൂടിക്കാഴ്ചയ്ക്ക് ആലോചനയിടുന്നുണ്ട്