തിരുവനന്തപുരം: തലസ്ഥാനത്തെ പരിപാടികളില്‍ മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശിതരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരന്‍. തരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു. നടപടി എന്തുവേണമെന്ന് ദേശീയ നേതൃത്വം തീരുമാനമെടുക്കട്ടെയെന്നും കെ.മുരളീധരന്‍ പറഞ്ഞു.
‘അദ്ദേഹത്തിന്റെ കാര്യം വിട്ടു. തരൂര്‍ ഞങ്ങളുടെ കൂട്ടത്തില്‍ കൂടിയതായി കണക്കാക്കുന്നില്ല. നടപടി വേണമോയെന്ന് ദേശീയ നേതൃത്വം സ്വീകരിക്കട്ടെ. നിലപാട് തിരുത്താത്തിടത്തോളം കാലം തിരുവനന്തപുരത്ത് പാര്‍ട്ടിയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല. അദ്ദേഹം ഇപ്പോള്‍ ഞങ്ങളുടെ കൂടെയില്ല.’- കെ. മുരളീധരന്‍ പറഞ്ഞു.
ഇന്നലെ എറണാകുളത്ത് നടന്ന ശശി തരൂരിന്റെ പരിപാടിയും കോണ്‍ഗ്രസ് നേതൃത്വം ബഹിഷ്‌കരിച്ചിരുന്നു.
വിവാദ പ്രസ്താവനകളും മോദി സ്തുതിയും ലേഖനങ്ങളും കൊണ്ട് നിരന്തരം കോണ്‍ഗ്രസിന് തലവേദനയാകുന്ന ശശി തരൂരിന് എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ശശി തരൂര്‍ കോണ്‍ഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാം നേടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍പറഞ്ഞു.
പലതവണ ഹൈക്കമാന്‍ഡ് വിലക്കിയിട്ടും തരൂര്‍ പിന്നോട്ട് പോയില്ല. രാജ്യമാണ് വലുത് കോണ്‍ഗ്രസ് രണ്ടാമതെന്നാണ് തരൂരിന്റെ പുതിയ രീതി. ഇതോടെയാണ് തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പടപ്പുറപ്പാട് തുടങ്ങിയത്. കോണ്‍ഗ്രസ് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരോടൊപ്പം ആണ് ഇപ്പോള്‍ തരൂരെന്ന് എന്ന് ഉണ്ണിത്താൻ പ്രതികരിച്ചു.



