പാലക്കാട്: വിവാദമായ മാറാട് പരാമര്‍ശത്തില്‍ ജമാഅത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസിനോട് പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍. മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ മനസ്സില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. ജയിലില്‍ പോകാനാണ് അന്തിമ വിധിയെങ്കില്‍ അത് സന്തോഷപൂര്‍വ്വം സ്വീകരിച്ച് ജയിലില്‍ പോകും. വിദ്യാര്‍ത്ഥി ജീവിതത്തില്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 30 ദിവസം ജയിലില്‍ കിടന്നയാളാണ് താന്‍. എന്‍ജിഒ അധ്യാപക സമരവുമായി ബന്ധപ്പെട്ടും റിമാന്‍ഡിലായിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോഴുള്ള കേസില്‍ രണ്ടര വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിട്ടില്ല. കേസും കോടതിയും പുത്തരിയല്ലെന്നും എ കെ ബാലന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമായിരുന്നു എ കെ ബാലന്റെ വിവാദ പ്രസ്താവന. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചത്.
വക്കീല്‍ നോട്ടീസില്‍ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. ന്യൂനപക്ഷ വിരുദ്ധ മനസ്സിന്റെ ഉടമയാണ് താന്‍ എന്ന് വരുത്താനാണ് ശ്രമം. മതന്യൂനപക്ഷ വിരുദ്ധ സമീപനം ഇന്നേവരെ തന്നില്‍നിന്ന് ഉണ്ടായിട്ടില്ല. ജമാഅത്തെ ഹിന്ദ് പ്രസ്ഥാനത്തിന്റെ നയം ആ സംഘടനയുടെ സെക്രട്ടറി വ്യക്തമാക്കണം. സോഷ്യലിസ്റ്റ് ആശയം ഉള്‍ക്കൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് താന്‍. ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടോ, മത രാഷ്ട്രവാദമാണോ ലക്ഷ്യം എന്ന് വ്യക്തമാക്കിട്ട് വേണമായിരുന്നു ജമാഅത്തെ ഇസ്ലാമി ഹിന്ദ് തനിക്ക് വക്കീല്‍ നോട്ടീസ് അയക്കാന്‍. മതസൗഹാര്‍ദ്ദത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയും വാക്കും തന്നില്‍ നിന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് താന്‍ പറഞ്ഞത് തെറ്റായി വളച്ചൊടിച്ചുവെന്നും എ കെ ബാലന്‍ പറഞ്ഞു.
തന്റെ പ്രസ്താവന വിവാദമാക്കിയത് പ്രതിപക്ഷ നേതാവാണെന്നും എ കെ ബാലന്‍ പറഞ്ഞു. വക്കീല്‍ നോട്ടീസ് തനിക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അത് ഗുരുതര തെറ്റാണ്. കര്‍ശന പരിശോധന അക്കാര്യത്തില്‍ താന്‍ നടത്തുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് പിന്തുണയോടെയാണ് എന്‍ഡിഎ മത്സരിക്കുന്നതെങ്കില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണയിലാണ് യുഡിഎഫ് മത്സരിക്കുന്നത്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ അഭ്യന്തര വകുപ്പ് നിയന്ത്രിക്കും. അത് മതസൗഹാര്‍ദ്ദത്തെ ബാധിക്കും, മാറാട് ആവര്‍ത്തിക്കുമെന്നാണ് പറഞ്ഞത്. അനുഭവങ്ങള്‍ കൊണ്ടാണ് പ്രസ്താവന നടത്തിയത്. ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.



