അബുദാബി: നിമിഷങ്ങൾക്കകം യാത്രാ നടപടികൾ പൂർത്തിയാക്കുന്ന സ്മാർട്ട് ട്രാവൽ സംവിധാനത്തിന് തുടക്കമിട്ട് അബുദാബി രാജ്യാന്തര വിമാനത്താവളം. ബയോമെട്രിക് പരിശോധനയും സ്മാർട്ട് ഗേറ്റ് സംവിധാനവും നടപ്പാക്കിയതോടെ 7 സെക്കൻഡ് മുതൽ 12 മിനിറ്റുകൊണ്ട് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം.
കൃത്യമായ രേഖകളുമായി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരന് 12 മിനിറ്റിനകം പുറത്തുകടക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും (ഐസിപി) അബുദാബി എയർപോർട്ട്സും ഒപ്പുവച്ച കരാർ അനുസരിച്ചാണ് നവീന സംവിധാനം യാഥാർഥ്യമാക്കിയത്.
യാത്രക്കാരുടെ എണ്ണത്തിൽ വളർച്ച
ഈ വർഷം ആദ്യ പകുതിയിൽ 1.58 കോടി യാത്രക്കാരുമായി വമ്പൻ വളർച്ചയാണ് അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം നേടിയത്. തുടർച്ചയായി 17ാം വർഷമാണ് ഈ വളർച്ച അബുദാബി സ്വന്തമാക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 28 ശതമാനവും 2023ൽ 44.5 ശതമാനവും വർധന രേഖപ്പെടുത്തിയിരുന്നു. അതിർത്തി നിയന്ത്രണ പ്രവർത്തനങ്ങൾ, കസ്റ്റംസ് സുഗമമാക്കൽ, അടിയന്തര തയാറെടുപ്പ്, പരിശീലനം,മികച്ച സേവനം എന്നിവ ഉൾപ്പെടെ പ്രധാന മേഖലകളിൽ അബുദാബി വിമാനത്താവളങ്ങളും ഐസിപിയും യോജിച്ചു പ്രവർത്തിക്കും.
ഇതുസംബന്ധിച്ച കരാറിൽ അബുദാബി എയർപോർട്ട് എംഡിയും സിഇഒയുമായ എലീന സൊർ ലിനി, ഐസിപി ആക്ടിങ് ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അബ്ദുല്ല അൽ കുവൈത്തി എന്നിവർ കരാറിൽ ഒപ്പുവച്ചു. തത്സമയ ഡേറ്റ പങ്കിടുന്നതിലൂടെ സുരക്ഷിത യാത്ര വേഗത്തിൽ സാധ്യമാക്കാൻ സഹായിക്കുന്നു. ഇതുവഴി മൊത്തം സേവനം കുറ്റമറ്റതാക്കും.



