തിരുവനന്തപുരം : വിവാദമായ ശബരിമല ട്രാക്ടർ യാത്രയിൽ എഡിജിപി എം.ആർ.അജിത്കുമാറിന് വീഴ്ച പറ്റിയെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. കാലിന് വേദന ആയതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്ന് അജിത്കുമാർ വിശദീകരണം നൽകിയിരുന്നെങ്കിലും ഇത് തീർത്തും ദുര്‍ബലമായ വാദമാണെന്നാണ് റാവാഡ ചന്ദ്രശേഖർ നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം നടപടികള്‍ പൊലീസിൽ ആരും ആവര്‍ത്തിക്കരുതെന്നും ഡിജിപി കർശന നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതി വിധി. ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് പുറപ്പെടുവിച്ച വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിരോധനം വകവെയ്ക്കാതെയാണ് അജിത്കുമാര്‍ ട്രാക്ടർ യാത്ര നടത്തിയത്. വിവാദമായതോടെ ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനവുമുണ്ടാകുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. അടുത്ത ദിവസം കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചുമാണ് എഡിജിപി അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.



