Friday, January 30, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ദുബായ് മെഡിക്കൽ യൂണിവേഴ്സിറ്റി

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ദുബായ് മെഡിക്കൽ യൂണിവേഴ്സിറ്റി

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് മെഡിക്കൽ യൂണിവേഴ്സിറ്റി. വൈദ്യശാസ്ത്രത്തിലും ഔഷധസസ്യ പഠനത്തിലും വൈദഗ്ധ്യമുള്ള ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടറടക്കം നിരവധി സംവിധാനങ്ങളാണ് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

ഫാർമസി, മെഡിസിൻ, നഴ്സിങ്ങ് വിദ്യാർഥികൾക്കായി രോഗനിർണയം, ചികിത്സാപരമായ തീരുമാനങ്ങൾ, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ഗവേഷണം എന്നിവക്കായി ക്ലാസ് മുറികളിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് യുണിവേഴ്സിറ്റി ഒരുക്കിയിരിക്കുന്നത്. എഐ ഡോക്ടർമാർ, എഐ ഗ്രീൻഹൗസ്, വെർച്വൽ പേഷ്യൻ്റ് സിമുലേഷൻ എന്നിങ്ങിനെ നീളുന്നു എഐ സംവിധാനങ്ങൾ.


യൂണിവേഴ്സിറ്റി അവതരിപ്പിച്ച രണ്ട് എഐ ഡോക്ടർമാരാണ് ഡോ ലെയ്‌ലയും ഡോ ആലിയയും. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ഔഷധസസ്യ പഠനത്തിലും വൈദഗ്ധ്യമുള്ള ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടറാണ് ലെയ്‌ല. പ്രകൃതിദത്ത മരുന്നുകൾ ഗവേഷണം ചെയ്യാൻ ലെയ്‌ല വിദ്യാർഥികളെ സഹായിക്കുന്നു. വിദ്യാർഥികളുടെ പഠനപരമായ സംശയങ്ങൾ തീർക്കാൻ സഹായിക്കുന്ന എഐ അസിസ്റ്റൻ്റാണ് ഡോ ആലിയ. യഥാർഥ രോഗികളെ ചികിത്സിക്കുന്നതിന് സമാനമായ അനുഭവം നൽകുന്ന സംവിധാനമാണ് എഐ വെർച്വൽ പേഷ്യൻ്റ് സിമുലേഷൻ. ഇതിലൂടെ ഡിജിറ്റൽ രോഗികളിൽ രോഗനിർണയം നടത്താനും ചികിത്സ നിശ്ചയിക്കാനും വിദ്യാർഥികൾക്ക് സാധിക്കും.

യൂണിവേഴ്സിറ്റിയിലെ മറ്റൊരു പ്രധാന സവിശേഷതയാണ് എഐ ഗ്രീൻഹൗസ്. പൂർണമായും എഐ നിയന്ത്രണത്തോടെയാണ് ഗ്രീൻഹൗസ് ഒരുക്കിയിരിക്കുന്നത്. ഇവിടെ സസ്യങ്ങൾക്ക് ആവശ്യമായ സൂര്യപ്രകാശം, താപനില, ഈർപ്പം എന്നിവ എഐ വഴി സെൻസറുകൾ ഉപയോഗിച്ച് സ്വയം ക്രമീകരിക്കാൻ കഴിയും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150- ൽപരം സസ്യങ്ങളാണ് ഇവിടെ വളരുന്നത്.


എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനസമയം 20 മുതൽ 30 ശതമാനം വരെ കുറയ്ക്കാനും പഠനനിലവാരം വർധിപ്പിക്കാനും ഇത് സഹായകമാകുന്നുവെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ പറയുന്നു. യുഎഇയുടെ എഐ സ്ട്രാറ്റജി 2031-ൻ്റെ ഭാഗമായാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ദുബായ് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments