ജനുവരി മുതൽ നിർമ്മിത ബുദ്ധിയുമായി (AI) ബന്ധപ്പെട്ട പുതിയ നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി ദക്ഷിണ കൊറിയ. പുതിയ നിയമങ്ങൾ വ്യവസായ വളർച്ചയെ തടസ്സപ്പെടുത്തുമെന്നും ചെറുകിട സ്ഥാപനങ്ങൾക്ക് അധിക ബാധ്യതയാകുമെന്നുമുള്ള ആശങ്കകൾ സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള ബിസിനസുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.
AI ഫ്രെയിംവർക്ക് ആക്റ്റ് 2026 ജനുവരി 22-ന് പ്രാബല്യത്തിൽ വരുമെന്നാണ് വാർത്താ ഏജൻസിയായ യോൻഹാപ്പ് നൽകുന്ന വിവരം. ദേശീയ AI കമ്മിറ്റി രൂപീകരിക്കുക, മൂന്ന് വർഷത്തെ അടിസ്ഥാന AI പ്ലാൻ തയ്യാറാക്കുക, സുരക്ഷാ-സുതാര്യതാ ആവശ്യകതകൾ നിർബന്ധമാക്കുക തുടങ്ങിയ നിയമങ്ങളാകും നടപ്പാക്കുക.
നിയമം നടപ്പാവുകയാണെങ്കിൽ എഐ റെഗുലേറ്ററി ചട്ടക്കൂട് പ്രാബല്യത്തിൽ വരുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ദക്ഷിണ കൊറിയ മാറും. യൂറോപ്യൻ യൂണിയനാണ് AI സംബന്ധിച്ച നിയമങ്ങൾ ആദ്യം പാസാക്കിയതെങ്കിലും ഓഗസ്റ്റോടെ മാത്രമേ അത് പ്രാബല്യത്തിൽ വരികയുള്ളൂ. സ്റ്റാർട്ടപ്പ് അലയൻസ് നടത്തിയ സമീപകാല സർവേയിൽ, 101 പ്രാദേശിക AI സ്റ്റാർട്ടപ്പുകളിൽ 98% പേരും പുതിയ നിയമം നടപ്പാക്കാൻ സജ്ജരല്ല.
സർവേയിൽ പങ്കെടുത്തവരിൽ 48.5 ശതമാനം പേർക്കും പുതിയ നിയമത്തിലെ ഉള്ളടക്കങ്ങൾ അപരിചിതമാണ്.
48.5 ശതമാനം പേർ നിയമത്തെക്കുറിച്ച് പരിചിതരാണെങ്കിലും മതിയായ തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലാത്തവരാണ്.
കൃത്യസമയത്ത് നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണെങ്കിൽ ചില കമ്പനികൾ ജനുവരി 22-ന് ശേഷം സേവനങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതരായേക്കാമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. നിയന്ത്രണങ്ങൾ കർശനമാണെങ്കിൽകമ്പനികൾ വിദേശത്ത് രാജ്യങ്ങളിൽ സേവനങ്ങൾ ആരംഭിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.



