മനുഷ്യ വ്യക്തിത്വത്തെ അനുകരിക്കുകയും ഉപഭോക്താക്കളുമായി വൈകാരികമായി സംവദിക്കുകയും ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾക്കുമേൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതിനായി ചൈന ശനിയാഴ്ച പുതിയ കരടുനിയമങ്ങൾ പുറത്തിറക്കി.
ഉപഭോക്തൃ സേവനങ്ങൾക്കായി പുറത്തിറക്കുന്ന എഐ സാങ്കേതികവിദ്യകളിൽ സുരക്ഷയും ധാർമിക മാനദണ്ഡങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ ഈ നീക്കം.
പുതിയ നിയമം അനുസരിച്ച്:
മനുഷ്യരെപ്പോലെ ചിന്തിക്കുകയും ടെക്സ്റ്റ്, ഓഡിയോ, വീഡിയോ എന്നിവയിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്നതും ഉപയോക്താക്കളുമായി വൈകാരികമായി ബന്ധപ്പെടുന്നതുമായ എഐ ഉൽപ്പന്നങ്ങൾക്കെല്ലാം ഈ നിയമം ബാധകമായിരിക്കും.
പുതിയ നിയമം അനുസരിച്ച് എഐ സേവനങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകാനും ആളുകൾ അടിമപ്പെടുന്നുണ്ടെന്ന് കണ്ടാൽ ഇടപെടാനും എഐ സാങ്കേതികവിദ്യാ സേവനദാതാക്കൾ ബാധ്യസ്ഥരാവും.
എഐഉൽപ്പന്നത്തിന്റെ എല്ലാ ഘട്ടങ്ങളിലും സുരക്ഷ ഉറപ്പാക്കണം. അൽഗോരിതം പരിശോധന, ഡാറ്റാ സുരക്ഷ, സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി പ്രത്യേക സംവിധാനങ്ങൾ വേണം.
ഉപയോക്താക്കളുടെ മാനസികാവസ്ഥയും വൈകാരിക നിലയും എഐ സേവനദാതാക്കൾ വിലയിരുത്തണം. ഉപയോക്താക്കൾ അമിതമായ വികാരങ്ങളോ അടിമത്തമോ പ്രകടിപ്പിച്ചാൽ അത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ദേശീയ സുരക്ഷയെ ബാധിക്കുന്നതോ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതോ അക്രമത്തെയോ അശ്ലീലത്തെയോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ നിർമിക്കാൻ പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു.
പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ കരട് നിയമങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചയാകും. അതിന് ശേഷമായിരിക്കും ആവശ്യമായ മാറ്റങ്ങളോടെ നിലവിൽവരിക.



