റാസൽഖൈമ : വടക്കൻ എമിറേറ്റുകളിലെ മലയാളികൾക്ക് ആഹ്ളാദം പകർന്ന് ഷാർജയുടെ ബജറ്റ് എയർലൈൻസായ എയർ അറേബ്യ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് പറന്നുതുടങ്ങി. ഇന്ന് റാക് രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ റാക് സിവിൽ വ്യോമയാന വിഭാഗം ചെയർമാൻ ഷെയ്ഖ് സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, എയർ അറേബ്യ ഗ്രൂപ്പ് ഓഫ് ചീഫ് എക്സിക്യുട്ടീവ് ആദില്‍ അലി, മറ്റു പ്രമുഖ വ്യക്തികൾ എന്നിവർ സംബന്ധിച്ചു.
പുതിയ സർവീസ് തുടക്കം റാസൽഖൈമയുടെ വ്യോമയാന മേഖലയെ മെച്ചപ്പെടുത്തുന്നതിനും കണക്ടിവിറ്റി വർധിപ്പിക്കുന്നതിനും സഹായകമാകുമെന്ന് ഷെയ്ഖ് സാലിം പറഞ്ഞു. വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന റാസൽ ഖൈമയുടെ പ്രാദേശിക, രാജ്യാന്തര വിമാന യാത്രകൾ വികസിപ്പിക്കുക എന്ന കാഴ്ചപ്പാടിനെ പുതിയ സേവനം പിന്തുണയ്ക്കുന്നു. റാസൽഖൈമയിലെ വിനോദ സഞ്ചാര മേഖലകളിലേയ്ക്ക് കൂടുതൽ ഇന്ത്യക്കാരെ ആകർഷിക്കാനും ഈ സർവീസ് വഴിതെളിയിക്കും.
ആഴ്ചയിൽ 3 ദിവസം റാക്–കോഴിക്കോട് സർവീസ്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് റാക്–കോഴിക്കോട് എയർ അറേബ്യ സർവീസ്.
ബുധൻ, വെള്ളി ദിവസങ്ങളിൽ യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എ 320 വിമാനം ഇന്ത്യൻ സമയം രാത്രി 8.10ന് കോഴിക്കോട്ടെത്തും. ഈ ദിവസങ്ങളിൽ രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മടക്ക വിമാനം 11.25ന് റാസൽഖൈമയിലെത്തും. ഞായറാഴ്ചകളിൽ രാവിലെ 10.55ന് റാസല്‍ഖൈമയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട്ടെത്തും. വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകിട്ട് 4.50 ന് പുറപ്പെടുന്ന വിമാനം 7.25ന് റാസൽഖൈമയിലെത്തും. നാളെ ഉച്ചയ്ക്ക് 1.30ന് റാക് രാജ്യാന്തര വിമാനത്താവളം വി ഐപി ലോഞ്ചിൽ ഉദ്ഘാടന പരിപാടികൾ നടക്കും.