ന്യൂഡൽഹി : ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ തകരാറുകൾ പരിഹരിച്ചെന്നും വിമാന ഗതാഗതം പൂർവസ്ഥിതിയിലാക്കിയെന്നും എയർ ഇന്ത്യ. തേഡ് പാർട്ടി സോഫ്റ്റ്‌വെയറിലുണ്ടായ തകരാറാണ് ചെക്ക് ഇൻ നടപടികളെ ബാധിച്ചതും ഇതേത്തുടർന്ന് വിമാന സർവീസുകൾ വൈകാൻ ഇടയാക്കിയതും. മുക്കാൽ മണിക്കൂറോളം സോഫ്റ്റ്‌വെയർ തകരാറിലായെന്നും തുടർന്നാണ് ഇത് തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു.
‘തേഡ് പാർട്ടി സംവിധാനം പൂർണമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലെയും ചെക്ക് ഇൻ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ ഞങ്ങളുടെ വിമാനങ്ങളും മുൻ നിശ്ചയിച്ച പ്രകാരം സർവീസ് നടത്തുന്നുണ്ട്.–എയർ ഇന്ത്യ എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു,
ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ തകരാർ ഒട്ടേറെ വിമാനത്താവളങ്ങളെ ബാധിച്ചിരുന്നു. ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനങ്ങളും വൈകിയിരുന്നു. ബുക്കിങ്ങും റിസർവേഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ എയർലൈനുകൾ ഉപയോഗിച്ചിരുന്ന അമാഡിയുസ് സോഫ്റ്റ്‌വെയറിലാണ് തകരാറുണ്ടായത്



