കൊച്ചി: കൊടുംശൈത്യത്തിലും വര്‍ഷംമുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണകേന്ദ്രം അന്റാര്‍ട്ടിക്കയില്‍ തുടങ്ങാന്‍ ഇന്ത്യ. ഇപ്പോഴുള്ള മൈത്രി സ്റ്റേഷനുപകരം വരുന്ന, ഇരട്ടിയിലധികം വലുപ്പമുള്ള ഈ അത്യാധുനികസ്റ്റേഷന് ഏതാണ്ട് 2150 കോടിയാണ് ചെലവ്. 2032-ല്‍ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ധ്രുവപ്രദേശങ്ങളില്‍ തുടങ്ങുന്ന നാലാമത്തെ റിസര്‍ച്ച് സ്റ്റേഷനായിരിക്കും ഇത്.
ധ്രുവപ്രദേശങ്ങളിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചിന് ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ സാമ്പത്തികാനുമതി ലഭിച്ചു. താമസിയാതെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് എന്‍സിപിഒആര്‍ ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലത്ത് പറഞ്ഞു.
40 വര്‍ഷത്തേക്കെങ്കിലും നിലനില്‍ക്കുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പരിസ്ഥിതിസൗഹൃദ രൂപകല്പനയായിരിക്കും.
വേനല്‍ക്കാലത്ത് 140 ശാസ്ത്രജ്ഞര്‍ക്കും അതിശൈത്യകാലത്ത് 40 പേര്‍ക്കും പര്യവേക്ഷണം നടത്താം. ഏറ്റവുംപുതിയ സാങ്കേതികവിദ്യ, മനുഷ്യസാന്നിധ്യമില്ലാത്ത കഠിനമായ ശൈത്യകാലത്തുപോലും വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനും കഴിവുള്ള ഓട്ടോമാറ്റിക് ഉപകരണങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും.
സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സൗരോര്‍ജവും കാറ്റില്‍നിന്നുള്ള ഊര്‍ജവും ഉപയോഗിക്കും. മെച്ചപ്പെട്ട മാലിന്യസംസ്‌കരണസംവിധാനം ഉണ്ടാകും. പുതിയത് സജ്ജമായാല്‍ നിലവിലുള്ള സ്റ്റേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും.
അന്റാര്‍ട്ടിക്കയില്‍ ആദ്യത്തെ ഇന്ത്യന്‍താവളമായ ദക്ഷിണ്‍ ഗംഗോത്രി തുടങ്ങിയത് 1983-ലാണ്. ഇപ്പോള്‍ അത് ഉപയോഗിക്കുന്നില്ല. 1989-ലാണ് മൈത്രി സ്റ്റേഷന്‍ ആരംഭിച്ചത്. അന്റാര്‍ട്ടിക്കയിലെ മൂന്നാമത്തെ സ്റ്റേഷനായ ഭാരതി 2012-ലാണ് തുടങ്ങിയത്. ആര്‍ട്ടിക്കിലുള്ളത് ഹിമാദ്രി സ്റ്റേഷനാണ്.
ആഗോളതാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ത്യയെപ്പോലെ വലിയ തീരമേഖലയുള്ള രാജ്യത്തിന് പരമപ്രധാനമായതിനാല്‍ ധ്രുവഗവേഷണത്തിന് വലിയപ്രാധാന്യമുണ്ട്.



