പനങ്ങാട്: മഞ്ഞ് മൂടിയ ആർട്ടിക് പ്രദേശത്ത് മൈക്രോ പ്ലാസ്റ്റിക് മാലിന്യവും കീടനാശികളുടെ അംശവും. ഇതു സംബന്ധിച്ച സൂചനകൾ ഇന്ത്യയുടെ ധ്രുവ ഗവേഷണ പരിപാടിയിൽ പങ്കെടുത്ത കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് ഗവേഷകർക്ക് ലഭിച്ചു. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ ഇന്ത്യൻ ആർട്ടിക് ദൗത്യത്തിന്റെ വേനൽക്കാലത്തും ശൈത്യകാലത്തും നടന്ന പര്യവേക്ഷണങ്ങളിലാണ് ഇവർ പങ്കെടുത്തത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന വേനൽ ദൗത്യത്തിൽ കുഫോസിലെ പിഎച്ച്.ഡി. ഗവേഷക കീർത്തിഗ എസ്.എസ്. കഴിഞ്ഞ മാസം നടന്ന ശൈത്യകാല ദൗത്യത്തിൽ ഗവേഷക സംഘാംഗമായ ധിനേഷ് ആർ. എന്നിവരാണ് പങ്കെടുത്തത്. മൂന്നു തവണ ധ്രുവപ്രദേശ പര്യവേക്ഷണങ്ങൾ നടത്തിയിട്ടുള്ള കുഫോസിലെ ജലപരിസ്ഥിതി മാനേജ്മെന്റ് വിഭാഗം മേധാവി പ്രൊഫ. അനു ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
തമിഴ്നാട്ടിലെ എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫ. പരോമിത ചക്രബർത്തി സഹ ഗവേഷകയായിരുന്നു. വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളിൽ നിന്നുള്ള പരിസ്ഥിതി വിവരങ്ങൾ ഗവേഷക സംഘം ശേഖരിച്ചു.
ആർട്ടിക്കിലെ കടൽവെള്ളം നിറഞ്ഞ വലിയ മലയിടുക്കുകളിലും നദികളിലും തടാകങ്ങളിലും നിന്ന് വിവിധ പരിസ്ഥിതി സാംപിളുകൾ ശേഖരിച്ചു. ഇവയുടെ രാസപരിശോധനയും ജിയോസ്പേഷ്യൽ വിശകലനവും നടത്തി മലിനീകരണങ്ങളുടെ സാന്ദ്രത, ഗതാഗത പാതകൾ, പരിസ്ഥിതിയിലുണ്ടാക്കുന്ന സ്വാധീനങ്ങൾ എന്നിവ വിലയിരുത്തും. ഇതു സംബന്ധിച്ച ഗവേഷണപ്രബന്ധം അന്താരാഷ്ട്ര പ്രശസ്ത ജേണലായ ജേണൽ ഓഫ് എൻവയൺമെന്റൽ കെമിക്കൽ എൻജിനിയറിങ്ങിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



