കാന്‍ബെറ: ആകാശത്ത് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് നാല് മരണം. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലെ സീ വേള്‍ഡിലാണ് ഹെലികോപ്റ്ററുകള്‍ തകര്‍ന്നു വീണത്. ഒരേസമയം ഒരു ഹെലികോപ്റ്റര്‍ പുറപ്പെടുകയും മറ്റൊന്ന് ലാന്‍ഡ് ചെയ്യുകയും ചെയ്യുന്നതിനിടെ ഉണ്ടായ കൂട്ടിയിടിയിലാണ് അപകടം ഉണ്ടായതെന്ന് ക്വീന്‍സ് ലാന്‍ഡ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
ഹെലികോപ്റ്ററിലെ യാത്രികരാണ് മരിച്ചത്. മൂന്ന് യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ചവരില്‍ രണ്ട് പേര്‍ യുകെ സ്വദേശികളാണെന്ന് വിദേശകാര്യ വക്താവ് ബിബിസിയോട് പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങളുമായും പ്രാദേശിക അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ലാന്‍ഡിങ് നടത്തിയ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ആറ് യാത്രക്കാരില്‍ അഞ്ച് പേര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഭയാനകവും ദാരുണവുമായ സംഭവത്തില്‍ രാജ്യം നടുങ്ങിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനിസ് പറഞ്ഞു. ബ്രിസ്‌ബേനില്‍ നിന്ന് 75 കിമീ തെക്ക് സ്ഥിതിചെയ്യുന്ന മെയിന്‍ ബീച്ച് എന്ന് അറിയപ്പെടുന്ന ടൂറിസ്റ്റ് സ്ട്രിപ്പിന് അടുത്താണ് രണ്ട് ഹെലികോപ്റ്ററുകളും തകര്‍ന്നു വീണത്. ഓസ്‌ട്രേലിയയുടെ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.