ഉത്തർപ്രദേശ്: കുളത്തിലെറിഞ്ഞ പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് കുളവാഴയിലും പായലിലും കുടുങ്ങിക്കിടന്ന് രക്ഷപ്പെട്ടത്. ഉത്തർ പ്രദേശിലെ ബറേലി ജില്ലയിൽ വെള്ളിയാഴ്ച ആയിരുന്നു സംഭവം.
വ്യാഴാഴ്ച തൻ്റെ കൃഷി സ്ഥലത്തേക്ക് പോവുകയായിരുന്ന മുൻ ഗ്രാമത്തലവൻ വകീൽ അഹ്‌മദ് കുളത്തിൽ കുഞ്ഞ് കിടക്കുന്നതായി കണ്ടു. കുളവാഴയിലും പായലിലും കുടുങ്ങി കുട്ടി മുങ്ങാതെ കിടക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹം തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് ആളുകൾ കൂടി.
കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ പരുക്കുകളില്ലെന്നും കുഞ്ഞ് ആരോഗ്യവതിയാണെന്നും കണ്ടെത്തി. ശിശു സംരക്ഷണ സമിതി ഏറ്റെടുത്ത കുഞ്ഞിന് ഗംഗ എന്നു പേരു നൽകി. ഇതുവരെ കുഞ്ഞിനെ തേടി ആരും വന്നിട്ടില്ലെന്നും ശിശു സംരക്ഷണ സമിതി പറഞ്ഞു.