മുംബൈ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 63 ദിവസം നീണ്ട ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനവേദിയായ മുംബൈയിലെ ശിവജി പാർക്കിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രതിപക്ഷ ഇന്ത്യ മുന്നണി. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം വേദിയിൽ അണിനിരന്നപ്പോൾ ഇടതുനേതൃത്വം മാത്രം വിട്ടു നിന്നു. എല്ലാവരും കൈകോർത്തു പിടിച്ച് മുദ്രാവാക്യം വിളിച്ചതോടെ ഭാരത് ജോഡോ യാത്രയുടെ സമാപനവേദി ഇന്ത്യ മുന്നണിയുടെ ഐക്യവേദിയായി മാറി.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന ഉദ്ധവ് വിഭാഗം നേതാവുമായ ഉദ്ധവ് താക്കറെ, എൻസിപി(എസ്പി) വിഭാഗം നേതാവ് ശരദ് പവാർ, എഎപി നേതാവ് സൗരഭ് ഭരദ്വാജ്, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.