ഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് വൈകിട്ട് ജമ്മു കശ്മീരിൽ പ്രവേശിക്കും. ലഖൻപൂരിൽ വെച്ച് പതാക കൈമാറും. നാളെയാണ് യാത്ര ജമ്മു കാശ്മീരിൽ പര്യടനം ആരംഭിക്കുക. നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല യാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പം നടക്കും.
ജനുവരി 26ന് രാഹുൽ ഗാന്ധി ബനിഹാളിൽ ദേശീയ പതാക ഉയർത്തും. 30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഇരുപതോളം പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും. ഇന്നലെ ഹിമാചൽ പ്രദേശിലെ പര്യടനം നടത്തിയ യാത്ര വൈകിട്ട് പഞ്ചാബിൽ വീണ്ടും പ്രവേശിക്കുകയായിരുന്നു. സമാപന സമ്മേളനത്തിൽ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുല്ല, എം.കെ സ്റ്റാലിൻ, ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ഇടത് പാർട്ടികളിൽ സി.പി.ഐയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ജോഡോ യാത്ര കശ്മീരിലെത്തുന്നതിന് തൊട്ടുമുൻപ് പാർട്ടി വക്താവും കത്‍വ കേസിലെ അഭിഭാഷകയുമായ ദീപിക പുഷ്കര്‍നാഥ് രാജിവച്ചത് പാര്‍ട്ടിക്ക് ക്ഷീണമായി. കത്‍വ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആക്ഷേപം നേരിട്ടുന്ന മുൻ മന്ത്രി ചൗധരി ലാല്‍ സിംഗിനെ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.