ഷാര്‍ജ സിറ്റി: 44-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയ്ക്ക് ഇന്ന് എക്‌സ്‌പോ സെന്ററില്‍ തുടക്കമാകും. ‘നിങ്ങള്‍ക്കും പുസ്തകത്തിനുമിടയില്‍’ എന്നതാണ് ഇത്തവണത്തെ പ്രമേയം. രാവിലെയാണ് ഉദ്ഘാടനച്ചടങ്ങ്. ഉച്ചയ്ക്കുശേഷം മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയുളളു. 12 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക മഹോത്സവത്തില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ 66 രാജ്യങ്ങളില്‍ നിന്ന് 250-ലധികം എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. 1200-ലധികം കലാ-സാംസ്‌കാരിക പരിപാടികള്‍ക്കും എക്‌സ്‌പോ സെന്റര്‍ വേദിയാകും.
മലയാളത്തില്‍ നിന്നുള്‍പ്പെടെ പ്രസാധകരും എഴുത്തുകാരും ഇതിനകം തന്നെ ഷാര്‍ജയിലെത്തിക്കഴിഞ്ഞു. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നടക്കം നിരവധി പുസ്തകങ്ങളുടെ പ്രകാശനത്തിനും അക്ഷരനഗരി വേദിയാകും.



