അഹമ്മദാബാദ് : ന്യൂ ഇയറിന് ഒരു ദിവസം മുൻപ് തന്നെ ചിലർ ആഘോഷം തുടങ്ങിക്കഴിഞ്ഞു . ഗുജറാത്തിലെ വൽസാദിൽ കഴിഞ്ഞ ദിവസം രാത്രി പോലീസ് കർശന വാഹന പരിശോധനയാണ് നടത്തിയത് . ഇതിൽ ഒന്നും രണ്ടുമല്ല 950 ഓളം പേരെയാണ് മദ്യപിച്ച് ലക്കുകെട്ട നിലയിൽ പിടികൂടിയത് . ഒടുവിൽ ഇവരെ താമസിപ്പിക്കാൻ പോലീസിന് വിവാഹ മണ്ഡപം വാടകയ്‌ക്കെടുക്കേണ്ടിവന്നു. ഇവരെ എത്തിക്കാനായി സർക്കാർ വാഹനങ്ങൾക്ക് പുറമേ സ്വകാര്യ ബസും പോലീസിന് വാടകയ്‌ക്കെടുക്കേണ്ടി വന്നു.
മദ്യപിച്ച് ലക്കുകെട്ട് നഗരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തടയാനാണ് പോലീസ് കർശന പരിശോധന നടത്തിയത്. വൽസാദ് പോലീസ് 70 ഓളം ഇടങ്ങളിലായാണ് പരിശോധന നടത്തിയത് . മദ്യപിച്ചെത്തിയ 950 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ഇവരെ താമസിപ്പിക്കാൻ സ്റ്റേഷനിൽ സ്ഥലപരിമിതി ഉള്ളതിനാൽ പോലീസ് സ്റ്റേഷന് സമീപമുള്ള വിവാഹ മണ്ഡപവും വാടകയ്‌ക്കെടുത്തു .മാത്രമല്ല പോലീസിനെ വിവരമറിയിക്കുന്നതിനായി സോഷ്യൽ മീഡിയ ടീമിനെയും നിയമിച്ചിട്ടുണ്ട്. പലയിടങ്ങളിലും മദ്യപിച്ച് പോലീസ് പിടിയിലായവരെ രക്ഷിക്കാനുള്ള കുടുംബാംഗങ്ങളുടെ തിരക്കായിരുന്നു . കുടുംബാംഗങ്ങളെ മോചിപ്പിക്കാൻ വൽസാദ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ആളുകളെത്തി. മയക്കുമരുന്നിന് അടിമകളായവർക്കെതിരെയും പോലീസ് നിയമനടപടി സ്വീകരിച്ചു
ജില്ലയിലെ എല്ലാ ഫാം ഹൗസുകളും, പബ്ബുകളും ജില്ലാ പോലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. പാർട്ടിയിൽ മദ്യവും ലഹരി വസ്തുക്കളും കഴിക്കുന്നത് തടയാൻ പോലീസ് ഇൻഫോർമർമാരെയും സോഷ്യൽ മീഡിയ ടീമുകളെയും സജീവമാക്കിയിട്ടുണ്ട്.