ലണ്ടൻ: ആർഎസ്എസ് മൗലികവാദ-ഫാസിസ്റ്റ് സംഘടനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലണ്ടൻ ആസ്ഥാനമായുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുൽ ആർഎസ്എസിനെതിരെ രൂക്ഷവിമർശനമുയർത്തിയത്.
രാജ്യത്തെ ജനാധിപത്യ സ്വഭാവം പൂർണ്ണമായും മാറി. അതിന്റെ കാരണം ആർഎസ്എസ് എന്ന് പേരുള്ള ഒറ്റ സംഘടനയാണ്. മൗലികവാദവും ഫാസിസവും ഉയർത്തിപ്പിടിക്കുന്ന ഈ സംഘടന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും കൈയടക്കി. മുസ്ലിം ബ്രദർഹുഡിന്റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആർഎസ്എസിനെ വിളിക്കാൻ സാധിക്കുമെന്നും രാഹുൽ പറഞ്ഞു. ഈജിപ്തിൽ ഉത്ഭവിച്ച തീവ്രവാദ സംഘടനയാണ് മുസ്ലിംബ്രദർഹുഡ്.
‘അധികാരത്തിലെത്താൻ ജനാധിപത്യത്തെ ഉപയോഗിക്കുക, അതിനുശേഷം ജനാധിപത്യ മത്സരം അട്ടിമറിക്കുക എന്നതാണ് ഇവരുടെ ആശയം’, രാഹുൽ പറഞ്ഞു. എന്നും അധികാരത്തിലിരിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട് ബിജെപി എങ്ങനെ അധികാരം പിടിച്ചുവെന്നത് സംബന്ധിച്ചും രാഹുൽ വിശദീകരിച്ചു. ഞങ്ങൾ ഗ്രാമീണ മേഖലയിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചുവരികയായിരുന്നു. എന്നാൽ നഗര പ്രദേശങ്ങളിൽ പക്ഷേ..ഞങ്ങൾക്ക് അവിടുത്തെ വികാരം മനസ്സിലാക്കാൻ കഴിയാതെ പോയി. അതൊരു വസ്തുതയാണ്. അതെല്ലാം അവിടെയുണ്ട്. എന്നാൽ ബിജെപി അധികാരത്തിലാണെന്നും കോൺഗ്രസ് ഇല്ലാതായി എന്നും പറയുന്നത് പരിഹാസ്യമായ കാര്യമാണ്’, രാഹുൽ പറഞ്ഞു.
രാഹുലിന്റെ പ്രസ്താവനകൾക്കെതിരെ ബിജെപി രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തി. വിദേശത്ത് പോയി രാഹുൽ രാജ്യത്തെ ഇകഴ്ത്തുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുൽ മാവോയിസത്തിന്റേയും അരാജകത്വത്തിന്റേയും പിടിയിലാണെന്നും ബിജെപി നേതൃത്വം ആരോപിച്ചു.
‘നിങ്ങൾ എല്ലാ പാർലമെന്ററി മാനദണ്ഡങ്ങളും രാഷ്ട്രീയ ഔചിത്യവും മറക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇവിടെ യാത്ര നടത്തി. അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ചു, എല്ലായിടത്തും സംസാരിച്ചു. ഒരു വ്യവസായ സ്ഥാപനത്തിനെ ചൂണ്ടി പാർലമെന്റിൽ സംസാരിച്ച അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തി’, രവിശങ്കർ പ്രസാദ് പറഞ്ഞു. ഇന്ത്യയിൽ പരാജയപ്പെട്ട കോൺഗ്രസ് വിദേശത്തേക്ക് പറക്കുകയാണെന്നും ബിജെപി പരിഹസിച്ചു.