പുതിയ യൂണിഫോം അവതരിപ്പിച്ച് ബ്രിട്ടീഷ് എയർവെയ്സ്. 20 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ബ്രിട്ടീഷ് എയർവെയ്സ് ക്യാബിൻ ക്രൂവിൻ്റെ യൂണിഫോം മാറ്റുന്നത്. പുതിയ യൂണിഫോമിൽ ഹിജാബ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിജാബ് അണിയേണ്ടവർക്ക് അതാവാമെന്ന് വാർത്താ കുറിപ്പിലൂടെ ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചു.
ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ഓസ്‌വാൾഡ് ബോട്ടങ്ങിൻ്റെ അഞ്ച് വർഷം നീണ്ട പരിശ്രമ ഫലമാണ് പുതിയ യൂണിഫോം. കൊവിഡ് ബാധയെ തുടർന്ന് യൂണിഫോം അവതരിപ്പിക്കാൻ രണ്ട് വർഷം വൈകി. ക്യാബിൻ ക്രൂവിലെ പുരുഷ ജീവനക്കാർക്ക് സ്യൂട്ട് ധരിക്കാം. സ്ത്രീകൾക്ക് ഡ്രസിനൊപ്പം ജമ്പ്സ്യൂട്ടോ സ്കർട്ടോ ട്രൗസറോ ധരിക്കാം. അയഞ്ഞ വസ്ത്രവും ഹിജാബും ധരിക്കേണ്ടവർക്ക് അതുമാവാം.