ന്യൂ ഡൽഹി: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത്.
സമ്മേളന നടപടികൾ ജനുവരി 28-ന് പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ആരംഭിക്കും. ജനുവരി 29-ന് സാമ്പത്തിക സർവേ പാർലമെന്റിൽ സമർപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് ഒൻപത് മുതൽ ഏപ്രിൽ രണ്ട് വരെയും നടക്കും.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്. ഇന്ത്യയുടെ ചരിത്രത്തിലെ 88-ാമത് ബജറ്റും. ഇതോടെ തുടർച്ചയായി ഒമ്പത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ ധനമന്ത്രി എന്ന റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കും. 2019-ലാണ് ഇന്ത്യയുടെ ആദ്യത്തെ പൂർണസമയ വനിതാ ധനമന്ത്രിയായി നിർമല സീതാരാമൻ നിയമിതയായത്.
മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി പത്ത് ബജറ്റുകളും മുൻ ധനമന്ത്രിമാരായ പി. ചിദംബരം ഒമ്പത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും തുടർച്ചയായിട്ട് ആയിരുന്നില്ല.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച ശുഭസൂചനകൾക്കിടയിലാണ് 2026-ലെ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ യഥാർഥ ജിഡിപി 2025-26 സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മുൻവർഷത്തെ 6.5 ശതമാനത്തേക്കാൾ ഉയർന്ന വളർച്ചാ നിരക്കാണിത്. ജനുവരി ഏഴിന് പുറത്തിറക്കിയ ഈ മുൻകൂർ കണക്കുകൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നത്. ഇതിനോടകംതന്നെ ബജറ്റ് തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.



