ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ഡിഐജി വംശി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷ്, അക്ഷയ് ഹക്കായ്, സുധീർ രാമചന്ദ്രൻ, രവി കെ ബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ബെംഗളൂരു പൊലീസും അന്വേഷണ സംഘത്തിലുണ്ട്.
സി ജെ റോയ്‌യുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റും മറ്റും ബെംഗളൂരു പൊലീസ് പരിശോധിച്ചിട്ടുണ്ട്. റോയ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോണിന്റെ പാസ് വേഡ് കണ്ടെത്താൻ കുടുംബത്തിൻ്റെ സഹായം തേടാനാണ് പൊലീസ് തീരുമാനം.
സി ജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു കയറിയുണ്ടായ പരിക്കാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇരു അവയവങ്ങളും തകര്‍ത്ത് വെടിയുണ്ട പുറത്തു പോയി. 6.35 എംഎം വലിപ്പമുള്ള വെടിയുണ്ട ശരീരത്തില്‍ നിന്ന് കണ്ടെത്തി. വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പിൾ ഫോറന്‍സിക് ലാബിലേക്ക് അയച്ചെന്നും ബൗറിംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എം എന്‍ അരുണ്‍ പറഞ്ഞു.
സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റിയിരുന്നു. ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാലാണ് സംസ്‌കാരം മാറ്റിയത്. ഇന്ന് സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്കാരം നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബൗറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സംസ്‌കാരം മാറ്റിയ സാഹചര്യത്തില്‍ മൃതദേഹം നാളെ രാവിലെ വരെ ബൗറിംഗ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് റോയ്‌യുടെ സഹോദരൻ സി ജെ ബാബു ആരോപിച്ചിരുന്നു. ‘റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഉണ്ടായിരുന്നില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഇന്നലെ രാവിലെ കാണണമെന്ന് റോയ് തന്നോട് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നുവെന്നും ബാബു പറഞ്ഞിരുന്നു.



