ന്യൂഡൽഹി : ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണ്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ നിലയില്‍ വളരുന്നു. അമൃത കാലത്തെ ആദ്യബജറ്റെന്ന് പറഞ്ഞ ധനമന്ത്രി, സ്വതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്ന് വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങൾ:
• പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ലഭിക്കും.ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. • മൂന്നു ഘടകങ്ങളിലാണ് ഊന്നൽ. 1. പൗരന്മാർക്ക് അവസരങ്ങൾ വർധിപ്പിക്കൽ – യുവാക്കൾക്ക് മുൻഗണന, 2. സാമ്പത്തിക വളർച്ചയും തൊഴിലും വർധിപ്പിക്കൽ, 2. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ. • സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ലക്ഷ്യം. • 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും, 2,516 കോടി രൂപ വകയിരുത്തി. • ബജറ്റ് മുൻഗണനകൾ: 1. സുസ്ഥിരവികസനം – എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കൽ, 2. കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാാന വികസനം, കാർഷിക സ്റ്റാർട്ടപ്പ് ഫണ്ട്. • 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ്. • അമൃതകാലത്ത് രാജ്യത്തെ മുന്നോട്ടുനയിക്കുന്ന 7 സൂചികകൾ (സപ്തർഷികൾ മാർഗദർശികൾ) : 1. എല്ലാവരെയും ഉൾക്കൊണ്ട് വികസനം, 2. കാർഷിക വികസനം, 3. യുവജനക്ഷേമം, 4. സാമ്പത്തിക സ്ഥിരത, 5. ലക്ഷ്യം നേടൽ, 6. അടിസ്ഥാന സൗകര്യം. സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കൽ.
• പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നതിനുശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരിക്കും ഇത്.