തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതന്മാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ച സംഭവമാണിത്. രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഈ മോഷണത്തിൽ പ്രവർത്തിക്കണമെങ്കിൽ വകുപ്പ് മന്ത്രിമാരുടെ അറിവും സമ്മതവും ഉണ്ടാകണം എന്നത് ഏത് കൊച്ചുകുട്ടിക്കും അറിയുന്ന കാര്യമാണ്. അവരെ രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമം അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സാധാരണഗതിയിൽ ക്രിമിനൽ നടപടി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാൽ അടുത്ത നടപടി തൊണ്ടിമുതൽ കണ്ടെത്തുക എന്നുള്ളതാണ്. എന്തുകൊണ്ടാണ് തൊണ്ടിമുതൽ ഇതുവരെ കണ്ടെത്താത്തത്? സ്വർണ്ണം എവിടെ പോയി? അതിനു എന്തു സംഭവിച്ചു. ഇതിനുള്ള ഉത്തരം തേടുമ്പോഴാണ് പൗരാണിക വസ്തുക്കളും ദിവ്യവസ്തുക്കളും വിൽക്കുന്ന അന്താരാഷ്ട്ര പൗരാണിക കരിഞ്ചന്തയുമായുള്ള ബന്ധം വെളിവാകുന്നത്.
തൊണ്ടിമുതൽ കണ്ടെത്താനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞാൽ ഇതിന്റെ പിന്നിലെ യഥാർത്ഥ ശക്തികളെ കണ്ടെത്താൻ കഴിയും. നിഗൂഢമായ ഒരു വൻ തട്ടിപ്പാണ് ഇതിന്റെ പിന്നിൽ നടന്നിട്ടുള്ളത്. അത് പുറത്തു വരണമെങ്കിൽ തൊണ്ടിമുതലിലേക്ക് എത്തണം. അന്താരാഷ്ട്ര ആന്റിക്‌സ് മാഫിയ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു എന്നുള്ളത് വളരെ വ്യക്തമാണ്. അത് കണ്ടെത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതുമായി ബന്ധപ്പെട്ട് തനിക്കു ലഭിച്ച വിവരങ്ങൾ എസ്ഐടിക്കു കൊടുത്ത മൊഴിയിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഈ നിമിഷം വരെയും സിപിഎം ഒരു നടപടിയും സ്വീകരിക്കാതെ അവരെ രാഷ്ട്രീയമായി സംരക്ഷിക്കുകയാണ്. വാസു ദേവസ്വം ബോർഡ് പ്രസിഡന്റും കടകംപള്ളി സുരേന്ദ്രൻ മന്ത്രിയുമായിരിക്കുന്ന കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള പഴയ ഉരുളി, ചെമ്പ്, വിളക്കുകൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കളായിട്ടുള്ളതെല്ലാം ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് അതിനെ അന്നത്തെ പ്രതിപക്ഷ നേതാവ് എന്നുള്ള നിലയിൽ താൻ ശക്തമായി എതിർത്തു. ദേവസ്വം ബോർഡിന് ഇതുമായി ബന്ധപ്പെട്ട് കത്ത് കൊടുത്തു. കേരളത്തിലെ ക്ഷേത്രങ്ങളിലെ ഈ പഴയ ഉരുപ്പടികൾ വെക്കാൻ സ്ഥലമില്ലെന്നായിരുന്നു ഇവരുടെ ന്യായീകരണം. നിയമസഭയ്ക്കകത്ത് വിഷയം ഉന്നയിച്ച ശേഷമാണ് അത് നിർത്തിവെച്ചത്. ഈ കൊള്ളയ്ക്ക് വലിയ വ്യാപ്തിയുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലെ മുഴുവൻ പുരാവസ്തുക്കളും വിൽപന നടത്താനും അതിൽ നിന്ന് വൻതോതിലുള്ള പണം ഉണ്ടാക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സ്വർണ്ണക്കൊള്ള എന്ന് വ്യക്തമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചരിത്രവിജയത്തിനു ശേഷം കേരളത്തിൽ അങ്ങോളമിങ്ങോളം യുഡിഎഫ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം അഴിച്ചു വിടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ അരിശം തീർക്കാൻ വേണ്ടി പാവപ്പെട്ട യുഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ അഴിച്ചുവിടുകയാണ്. സാധാരണ പ്രവർത്തകരായ നിരവധി ആളുകൾ മർദ്ദനമേറ്റ് ആശുപത്രിയിലാണ്. സിപിഎമ്മുകാർ പ്രതികളാണെങ്കിൽ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഈ അക്രമം നിർത്താൻ സിപിഎം തയ്യാറാകണം. അവർ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്. തിരഞ്ഞെടുപ്പിൽ തോൽക്കുക, ജയിക്കുക എന്നൊക്കെ ഉള്ളത് സ്വാഭാവികമാണ്. തോറ്റുകഴിഞ്ഞാൽ ജയിച്ചവരെ അക്രമിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.



