പെര്‍പ്ലെക്‌സിറ്റി, എക്‌സ്.കോം പോലുള്ള സുപ്രധാന പ്ലാറ്റ്‌ഫോമുകളെല്ലാം ഇന്നലെ രാത്രി മണിക്കൂറുകളോളം തടസപ്പെട്ടു. ക്ലൗഡ്ഫ്‌ളെയര്‍ സേവനത്തിലുണ്ടായ തകരാറാണ് മറ്റ് പ്ലാറ്റ്‌ഫോമുകളെയെല്ലാം ബാധിച്ചത്. തൊട്ടുപിന്നാലെ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കമ്പനി അറിയിച്ചു.
ക്ലൗഡ് ഫ്‌ളെയറിന്റെ ബോട്ട് മാനേജ്‌മെന്റ് ഫീച്ചറിലുണ്ടായ പ്രശ്‌നമാണ് ക്ലൗഡ് ഫ്‌ളെയര്‍ സേവനങ്ങള്‍ തടസപ്പെടാന്‍ കാരണമെന്ന് ചൊവ്വാഴ്ച പങ്കുവെച്ച ബ്ലോഗ് പോസ്റ്റില്‍ ക്ലൗഡ് ഫ്‌ളെയര്‍ പറഞ്ഞു. ഒന്നിലധികം ക്ലൗഡ് ഫ്‌ളെയര്‍ സേവനങ്ങളെ പ്രശ്‌നം ബാധിച്ചുവെന്നും കമ്പനി വ്യക്തമാക്കി. അതേസമയം പ്രശ്‌നം ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായതല്ലെന്നും കമ്പനി പറഞ്ഞു.
അതേസമയം, പ്രശ്‌നത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടപ്പോള്‍ ഇതൊരു ഡിഡോസ് ആക്രമണം (DDoS Attack) ആണെന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ശരിയായ കാരണം കണ്ടെത്തിയെന്നും കമ്പനി പറയുന്നു.
ഉപഭോക്താക്കള്‍ക്കും പൊതുവായ ഇന്റര്‍നെറ്റിനുമുണ്ടായ ആഘാതത്തില്‍ തങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും ക്ലൗഡ്ഫ്‌ളെയര്‍ ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു. ഇന്റര്‍നെറ്റ് പരിതസ്ഥിതിയില്‍ ക്ലൗഡ്ഫ്‌ളെയറിന് വളരെ അധികം പ്രാധാന്യമുള്ളതിനാല്‍ ഏതെങ്കിലും വിധത്തിലുള്ള തകരാറുകള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഇപ്പോഴുണ്ടായ സംഭവം തങ്ങള്‍ക്ക് വേദനാജനകമാണെന്നും നിങ്ങളെയെല്ലാം അത് നിരാശരാക്കിയെന്ന് മനസിലാക്കുന്നുവെന്നും കമ്പനി തങ്ങളുടെ ഉപഭോക്താക്കളോടായി പറഞ്ഞു.
കണ്ടന്റ് ഡെലിവറി നെറ്റ് വര്‍ക്ക് (സിഡിഎന്‍), വെബ് ആപ്ലിക്കേഷന്‍ ഫയര്‍വാള്‍ (ഡബ്ല്യൂഎഎഫ്) ഡൊമൈന്‍ നെയിം സിസ്റ്റിം (ഡിഎന്‍എസ്) പോലുള്ള സേവനങ്ങള്‍ നല്‍കിവരുന്ന പ്ലാറ്റ്‌ഫോമാണ് ക്ലൗഡ് ഫ്‌ളെയര്‍ ആഗോളതലത്തില്‍ നിരവധി വെബ്‌സൈറ്റുകളും മുന്‍നിര എഐ, സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും ക്ലൗഡ് ഫ്‌ളെയര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ക്ലൗഡ്ഫ്‌ളെയര്‍ തകരാറിലായ അതേ സമയപരിധിയില്‍ തന്നെയാണ് മറ്റ് സേവനങ്ങളും തടസപ്പെട്ടത്. എക്‌സ്, കാന്‍വ, ഷോപ്പിഫൈ, ഓപ്പണ്‍ എഐ, ഗാര്‍മിന്‍, വെരിസോണ്‍, ഡിസ്‌കോര്‍ഡ്, ടിമൊബൈല്‍ പോലുള്ള സേവനങ്ങള്‍ അക്കൂട്ടത്തിലുണ്ട്. പല വെബ്‌സൈറ്റുകളും കിട്ടാത്ത സ്ഥിതി വന്നു.



