ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 നവംബര്‍ രണ്ടിന് വിക്ഷേപിക്കും. 4,400 കിലോഗ്രാം ഭാരമുള്ള ഇത് ഇന്ത്യയില്‍നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഏറ്റവും ഭാരംകൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ്.
ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3യാണ് (എല്‍വിഎം3) സിഎംഎസ്-03 യെ ഭ്രമണപഥത്തിലെത്തിക്കുക. ഉപഗ്രഹത്തെ റോക്കറ്റില്‍ ഇണക്കിച്ചേര്‍ത്ത് വിക്ഷേപണത്തറയില്‍ എത്തിക്കുന്ന പ്രവൃത്തി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍ ഞായറാഴ്ച പൂര്‍ത്തിയായി.
ഭാരമേറിയ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കുന്നതിനു വികസിപ്പിച്ച ജിഎസ്എല്‍വി റോക്കറ്റിന്റെ പരിഷ്‌കൃത രൂപമാണ് എല്‍വിഎം 3. എല്‍വിഎം 3യുടെ അഞ്ചാമത്തെ വിക്ഷേപണമായതുകൊണ്ട് എല്‍വിഎം3-എം5 എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണമായിരുന്നു ഇതിനുമുന്‍പ് എല്‍വിഎം3യുടെ പ്രധാന ദൗത്യം.
ഇന്ത്യ ഉപഭൂഖണ്ഡത്തിലും ചേര്‍ന്നുള്ള സമുദ്രമേഖലയിലും വാര്‍ത്താവിനിമയബന്ധം ശക്തിപ്പെടുത്തുകയാണ് സിഎംഎസ്-03യുടെ ലക്ഷ്യം.



