കൊച്ചി: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് അതിഗംഭീര വിജയമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിയമസഭയിലും കോൺഗ്രസ് വിജയം ആവർത്തിക്കും. കോൺഗ്രസ് നേതൃത്വം ജനതയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൊച്ചിയിൽ നടന്ന കെപിസിസിയുടെ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശതിരഞ്ഞെടുപ്പിൽ അതിഗംഭീര വിജയമാണ് ഐക്യജനാധിപത്യ മുന്നണി നേടിയത്. ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയാണ് പഞ്ചായത്തുകൾ. ഗ്രാമപഞ്ചായത്തുകളിലെ ഈ വിജയം ഏറ്റവും നന്നായി കുറിക്കപ്പെടുന്നു എന്നത് ഏറെ ആഹ്ലാദം നൽകുന്നു. ഭരണഘടന നിലനിൽക്കണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഓരോ വ്യക്തിയുടേയും വോട്ട് സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അനിവാര്യതയാണ്, രാഹുൽ ഗാന്ധി പറഞ്ഞു.
ആർഎസ്എസും ബിജെപിയും കോൺഗ്രസും തമ്മിലുള്ള ആശയപരമായ അന്തരം പരിശോധിച്ചാൽ ബോധ്യപ്പെടുന്ന കാര്യം, ആർഎസ്എസും ബിജെപിയും ഭരണസംവിധാനങ്ങളുടെ അധികാര കേന്ദ്രീകരണത്തിന് ശ്രമിക്കുമ്പോൾ അതിന്റെ വികേന്ദ്രീകരണം ലക്ഷ്യമാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ആർഎസിന്റെയും ബിജെപിയുടേയും ആശയങ്ങൾക്ക് അടിമപ്പെടുന്ന ജനതയെയാണ് അവർക്കാവശ്യം. അല്ലാതെ ജനതയുടെ ശബ്ദം കേൾക്കാനും കേൾപ്പിക്കാനുല്ല- രാഹുൽ ഗാന്ധി പറഞ്ഞു.



