ന്യൂഡല്‍ഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുളള തീവ്ര ശ്രമത്തിൽ നേതൃത്വം. നേതാക്കൾ പരസ്യമായി തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. പ്രവർത്തക സമിതിയിലേക്ക് എത്താനുള്ള കരുനീക്കങ്ങളിലാണ് കേരളത്തിൽനിന്നുള്ള ഒരു വിഭാഗം നേതാക്കൾ. മുതിര്‍ന്ന നേതാക്കളായി എ.കെ ആന്‍റണി, ഉമ്മൻചാണ്ടി തുടങ്ങിയവർ പ്രവർത്തക സമിതിയിൽനിന്ന് ഒഴിയും.
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് രണ്ട് ദിവസം ബാക്കിനിൽക്കെ പ്രവർത്തക സമിതി പുനഃസംഘടനയാണ് പ്രധാന വെല്ലുവിളി. സ്റ്റിയറിങ് കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം തെരഞ്ഞെടുപ്പ് വേണ്ടെന്നാണ്. എന്നാല്‍, പി. ചിദംബരം അടക്കമുള്ള മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നു. ഇതിൽ നേതൃത്വത്തിന് ആശങ്കയുണ്ട്.
തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്ന നേതാക്കളുമായി സംസാരിച്ച് സമവായത്തിൽ എത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
തെരഞ്ഞെടുക്കപ്പെട്ട 12 അംഗങ്ങളും നാമനിർദേശം ചെയ്യുന്ന 11 അംഗങ്ങളും അടങ്ങുന്നതാണ് പ്രവർത്തക സമിതി. കേരളത്തിൽനിന്ന് കെ.സി വേണുഗോപാൽ, ശശി തരൂർ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, ആന്‍റോ ആന്‍റണി തുടങ്ങിയവരുടെ പേരുകൾ പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. മത്സരത്തിനില്ലെന്ന് പറയുമ്പോഴും പാർട്ടി നിലപാടറിഞ്ഞ ശേഷം അന്തിമതീരുമാനമെന്നാണ് തരൂർ വ്യക്തമാക്കുന്നത്.