ന്യൂഡല്‍ഹി: കോൺഗ്രസ് പ്ലീനറി സമ്മേളനം ഫ്രെബുവരി 24, 25, 26 തീയതികളിൽ നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പറഞ്ഞു. ആറ് വിഷയങ്ങളിൽ പ്ലീനറി സമ്മേളനത്തിൽ ചർച്ച നടക്കും. കൂടാതെ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും കെ.സി വേണുഗോപാൽ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഛത്തീസ്ഗഡിലെ റായ്പൂരിലാണ് പ്ലീനറി സമ്മേളനം നടക്കുന്നത്. ആറ് വിഷയങ്ങളിൽ ആണ് ചർച്ച നടത്തുന്നത്. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ പ്ലീനറി സമ്മേളനം കൂടിയാണ് ഇത്. 25 അംഗ പ്രവർത്തക സമിതിയിൽ പാർട്ടി പ്രസിഡന്‍റ്, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് എന്നിവർക്ക് പുറമേയുള്ളവരിൽ 12 പേരെയാണു തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുക. ബാക്കി 11 പേരെ പ്രസിഡന്‍റ് നാമനിർദേശം ചെയ്യും.
25 വർഷം മുമ്പ് കൊൽക്കത്ത പ്ലീനറിയിലാണ് ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് നടന്നത്.ഭാരത് ജോഡോ യാത്ര നാളെ പുനാരംഭിക്കുമെന്നും കെ.സി വേണുഗോപാൽ എംപി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 30-ാം തീയതി വരെയാണ് ജോഡോ യാത്ര. ജോഡോ യാത്രക്ക് വലിയ സ്വീകരണമാണ് എല്ലായിടത്തും ലഭിക്കുന്നതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.