തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരവും ശബരിമല വിവാദവുമെന്ന് സിപിഐ. ക്ഷേമാനുല്യങ്ങൾ നൽകിയിട്ടും ഫലം എതിരായത് ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവെന്നും സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ വിമർശനം. മുഖ്യമന്ത്രിയുടെ ചില കാര്യങ്ങളിലെ നിലപാടുകളിൽ ജനങ്ങൾക്ക് സംശയമുണ്ട്. വെള്ളാപ്പള്ളി നടേശനെ വീണ്ടും ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും വിമർശനം.
സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് സംശയമുണ്ടാക്കി. വെള്ളാപ്പള്ളിയോടുള്ള ആഭിമുഖ്യത്തിലും ജനങ്ങൾക്കിടയിൽ സംശയമുണ്ട്. ശബരിമല വിഷയത്തിൽ ജനങ്ങളുടെ സംശയം ദൂതീകരിക്കാനായില്ല. പിഎം ശ്രീയിൽ ഒപ്പിട്ടതും വിനയായെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് എക്സിക്യൂട്ടീവ് യോഗങ്ങളിലാണ് വിമർശനം. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ പോയിട്ട് കാര്യമില്ലെന്നും ഫലപ്രദമായ തിരുത്തൽ നടപടി വേണമെന്നും സിപിഐ ആവശ്യപ്പെട്ടു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന് തുറന്ന് സമ്മതിക്കാതെ സിപിഐഎം. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് വിലയിരുത്തൽ.ജനുവരി 15 മുതൽ 22 വരെ ഗൃഹസന്ദർശനം നടത്തും. കേന്ദ്രസർക്കാരിന് എതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യഗ്രഹം സംഘടിപ്പിക്കും.എ പത്മകുമാറിന് എതിരെ കുറ്റപത്രം വന്നതിന് ശേഷം മാത്രം നടപടിയെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.



