സാന്‍ ഫ്രാന്‍സിസ്‌കോ: 83 വയസ്സുള്ള അമ്മയെക്കൊന്ന് 56-കാരനായ മകന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ചാറ്റ്ജിപിടിയെന്ന നിര്‍മിതബുദ്ധി ചാറ്റ്‌ബോട്ടിന്റെ നിര്‍മാതാക്കളായ ഓപ്പണ്‍എഐക്കും അവരുടെ ബിസിനസ് പങ്കാളിയായ മൈക്രോസോഫ്റ്റിനുമെതിരേ കേസ്. മരിച്ച സുസെയ്ന്‍ ആഡംസിന്റെ കുടുംബാംഗങ്ങളാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സുപ്പീരിയര്‍ കോടതിയില്‍ വ്യാഴാഴ്ച കേസുകൊടുത്തത്.
ടെക് വ്യവസായമേഖലയിലെ മുന്‍ ജീവനക്കാരനായ സ്റ്റെയ്ന്‍ എറിക് സോള്‍ബെര്‍ഗാണ് ഓഗസ്റ്റില്‍ അമ്മ സുസെയ്‌നെ മര്‍ദിച്ചുകൊന്ന് ആത്മഹത്യചെയ്തത്. കണക്റ്റിക്കട്ടിലെ ഗ്രീന്‍വിച്ചില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലാണ് കൊലനടന്നത്.
ചാറ്റ്ജിപിടിയെ ഒഴികെ മറ്റാരെയും വിശ്വസിക്കരുതെന്നാണ് ചാറ്റ്‌ബോട്ട് സോള്‍ബെര്‍ഗിനോടു പറഞ്ഞിരുന്നതെന്ന് പരാതിയില്‍ പറയുന്നു. ചുറ്റുമുള്ളവരെല്ലാം ശത്രുക്കളാണെന്നും അമ്മ പലര്‍വഴി, പലരീതിയില്‍ സോള്‍ബെര്‍ഗിനെ നിരീക്ഷിക്കുകയാണെന്നും പറഞ്ഞു. സോള്‍ബെര്‍ഗിന് ദൈവികശക്തിയുണ്ടെന്നും അതിനാലാണ് എല്ലാവരും അയാളെ ലക്ഷ്യംവെക്കുന്നതെന്നും ചാറ്റ്‌ബോട്ട് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സോള്‍ബെര്‍ഗിന്റെ മാനസികാരോഗ്യത്തിന് തകരാറുണ്ടെന്നും മാനസികാരോഗ്യവിദഗ്ധനെ കാണണമെന്നും ഒരിക്കല്‍പോലും ചാറ്റ്ജിപിടി പറഞ്ഞില്ലെന്നും പരാതിയിലുണ്ട്. 2024 മേയില്‍ പുറത്തുവന്ന ജിപിടി-4ഒ എന്ന പതിപ്പാണ് സോള്‍ബെര്‍ഗ് ഉപയോഗിച്ചത്. ഇതുമായി അയാള്‍ പ്രണയത്തിലായെന്നും പരാതിയിലുണ്ട്.
ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്മാന്‍, കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരുമായ 20 പേര്‍, മൈക്രോസോഫ്റ്റ് എന്നിവരെ പ്രതികളാക്കിയാണ് കേസ്. സുരക്ഷാ ആശങ്കകള്‍ വകവെക്കാതെ ചാറ്റ്ജിപിടിയുടെ നൂതനപതിപ്പ് പുറത്തിറക്കാന്‍ ഓള്‍ട്മാന്‍ തിടുക്കം കാട്ടി, ഇതറിഞ്ഞിട്ടും ഈ പതിപ്പിറക്കാന്‍ മൈക്രോസോഫ്റ്റ് അനുമതി നല്‍കി എന്ന് പരാതിയില്‍ പറയുന്നു. എഐ ചാറ്റ്‌ബോട്ടിന്റെ പേരില്‍ മൈക്രോസോഫ്റ്റിനെതിരായ ആദ്യ കേസാണിത്. കൊലപാതകവുമായി ചാറ്റ്‌ബോട്ടിനെ ബന്ധപ്പെടുത്തുന്ന ആദ്യ കേസുമാണ്. നഷ്ടപരിഹാരം നല്‍കണമെന്നും ചാറ്റ്ജിപിടിയെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഓപ്പണ്‍എഐയോട് നിര്‍ദേശിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.
മൈക്രോസോഫ്റ്റ് ഇതേക്കുറിച്ച് പ്രതികരിച്ചില്ല. എന്നാല്‍, കേസിന്റെ വിശദാംശങ്ങള്‍ അവലോകനം ചെയ്യുമെന്ന് ഓപ്പണ്‍എഐ വക്താവ് പറഞ്ഞു. മനുഷ്യരുടെ മാനസിക, വൈകാരികപ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് അയവുവരുത്തുംവിധം പ്രതികരിക്കാന്‍ ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുമെന്നും അറിയിച്ചു.



