Sunday, December 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകാര്യങ്ങള്‍ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് 2020ല്‍ തന്നെ ബോധ്യമായിരുന്നു: നടിയെ അക്രമിച്ച കേസില്‍ കോടതിവിധിക്കു ശേഷം...

കാര്യങ്ങള്‍ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് 2020ല്‍ തന്നെ ബോധ്യമായിരുന്നു: നടിയെ അക്രമിച്ച കേസില്‍ കോടതിവിധിക്കു ശേഷം ആദ്യ പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കോടതിവിധി പ്രസ്താവിച്ചശേഷം ആദ്യ പ്രതികരണവുമായി അതിജീവിത. ആറ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അവര്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു. കോടതിവിധി പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. എന്നാല്‍ തനിക്ക് അത്ഭുതമില്ല. കാര്യങ്ങള്‍ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് 2020-ല്‍തന്നെ ബോധ്യമായിരുന്നുവെന്നും അവര്‍ കുറിച്ചു.

കുറ്റാരോപിതരിൽ ഒരാളിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ നിന്ന് മാറ്റംവന്നിരുന്നു. അക്കാര്യം പ്രോസിക്യൂഷനും മനസിലായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി പല തവണ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. കേസ് മാറ്റണമെന്ന തന്റെ എല്ലാ ഹര്‍ജികളും നിഷേധിക്കപ്പെട്ടു.

നിയമത്തിന്റെ മുന്നില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന്, നിരന്തരമായി അനുഭവിച്ച വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷത്തിനുമൊടുവില്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഈ യാത്രയിലുടനീളം കൂടെനിന്ന മനുഷ്യത്വമുള്ള സകലരെയും നന്ദിയോടെ ചേര്‍ത്തുപിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണംവാങ്ങിക്കൊണ്ടുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവര്‍ അത് തുടരുക. നിങ്ങള്‍ പണം വാങ്ങിയിരിക്കുന്നത് അതിനാണെന്നും നടി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി തന്റെ പേഴ്‌സണല്‍ ഡ്രൈവര്‍ ആയിരുന്നുവെന്നാണ് ചിലര്‍ ഇപ്പോഴും പറയുന്നത്. പൂര്‍ണമായും അടിസ്ഥാന രഹിതമായ കാര്യമാണത്. അയാള്‍ എന്റെ ഡ്രൈവറല്ല. എന്റെ ജീവനക്കാരനോ ഏതെങ്കിലും തരത്തില്‍ പരിചയമുള്ള ആളോ അല്ല. 2016-ല്‍ ജോലിചെയ്ത ഒരു സിനിമയ്ക്കുവേണ്ടി പ്രൊഡക്ഷനില്‍നിന്ന് നിയോഗിച്ച ഒരാള്‍ മാത്രമാണയാള്‍. കുറ്റംകൃത്യം നടക്കുന്നതിനുമുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് അയാളെ കണ്ടിട്ടുള്ളത്. അതിനാല്‍ അത്തരം കഥകള്‍ മെനയുന്നവര്‍ അത് അവസാനിപ്പിക്കണമെന്ന് അതിജീവിത അഭ്യര്‍ഥിച്ചിട്ടുണ്ട്.

തന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് പോസ്റ്റിലുള്ളത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് മൂന്നുതവണ തുറന്ന് പരിശോധിക്കപ്പെട്ട കാര്യവും കേസിലെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച കാര്യവുമടക്കം അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ സ്വകാര്യമായി പറഞ്ഞുവെന്ന് നടി അവകാശപ്പെടുന്നു.

മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശരിയായ അന്വേഷണം നടത്താന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശിക്കുന്നതുവരെ അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് കൈമാറിയില്ല.

ആശങ്ക ഉന്നയിച്ചും ഇടപെടല്‍ ആവശ്യപ്പെട്ടും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുംവരെ കത്തെഴുതി. അതിനുശേഷം കേസില്‍ പരസ്യ വിചാരണ ആവശ്യപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും അറിയാന്‍ കഴിയുമല്ലോ എന്നാണ് കരുതിയത് എന്നാല്‍ ആ ആവശ്യവും നിഷേധിക്കപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments