ചെന്നൈ: തങ്ങൾക്കെതിരേ ഭീഷണി മുഴക്കിയ ആൺസുഹൃത്തിനെ കൊലപ്പെടുത്തി യുവതികൾ. തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്താണ് സംഭവം. സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. തിരുശൂലം സ്വദേശിയും നിർമാണ തൊഴിലാളിയുമായ സെൽവകുമാറാണ് കൊല്ലപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെയും സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനേഴുകാരനായ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. റീന(24), രച്ചിത(25) എന്നിവരാണ് അറസ്റ്റിലായ യുവതികൾ. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട മൂന്ന് പേർ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
റീനയും രച്ചിതയും സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റീന വിവാഹിതയും രചിത അവിവാഹിതയുമാണ്. ഇരുവും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവതികൾ റീലുകൾ പങ്കുവയ്ക്കുകയും ഒട്ടേറെ യുവാക്കളുമായി സുഹൃദ്ബന്ധം വളർത്തിയെടുക്കുകയും ചെയ്തിരുന്നു. യുവതികൾ സുഹൃത്തുക്കളായ പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ആർഭാടജീവിതം നയിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട സെൽവകുമാറും സോഷ്യൽ മീഡിയ വഴി തന്നെയാണ് റീനയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് രച്ചിതയുമായും അടുത്തു. ഇയാൾ യുവതികളെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടരുതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നത്. ഇത് യുവതികളിൽ വലിയ സമ്മർദമുണ്ടാക്കി. സെൽവകുമാർ തങ്ങളെ നിയന്ത്രിക്കുമെന്നും ജീവിച്ചിരുന്നാൽ ഭീഷണിയാകുമെന്നും അവർ കരുതി. തുടർന്ന് സെൽവകുമാറിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചു. അവർ സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കളോട് സഹായം അഭ്യർഥിച്ചു. തുടർന്ന് ഇരുപത്തിനാലുകാരനായ അലക്സ്, 17 വയസ്സുകാരൻ, മറ്റ് രണ്ടു പേർ എന്നിവരുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകായിരുന്നു.
ബുധനാഴ്ച രാത്രി, പല്ലാവരത്തേക്ക് വരണമെന്നും നേരിൽ കണ്ട് സംസാരിക്കണമെന്നും സെൽവകുമാറിനോട് റീന ആവശ്യപ്പെട്ടു. സെൽവകുമാർ എത്തിയതിന് ശേഷം രച്ചിതയും അവരോടൊപ്പം ചേർന്നു. മൂവരും സംസാരിക്കുന്നതിനിടെ, അക്രമികൾ സെൽവകുമാറിനെ വളയുകയും കത്തിയും വാക്കത്തിയുമുപയോഗിച്ച് ആക്രമിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സെൽവകുമാറിനെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
‘ഇത് ഒരു മോഷണശ്രമമായി ചിത്രീകരിക്കാനാണ് റീനയും രച്ചിതയും ശ്രമിച്ചത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ സമീപത്തുണ്ടായിരുന്നവരെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി സെൽവകുമാറിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ചികിത്സയിലിരിക്കെ മരിച്ചു.
റീനയും രച്ചിതയും പറഞ്ഞ മോഷണത്തിന്റെ കഥ പോലീസ് വിശ്വാസത്തിലെടുത്തില്ല. ഫോൺ റെക്കോഡുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളുടെ തിരക്കഥ പൊളിച്ചത്. യുവതികളെ കൂടാതെ അവരുടെ സഹായിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെ അറസ്റ്റ് ചെയ്തു. യുവതികളെ ജുഡീഷ്യൽ റിമാൻഡിൽ വിടുകയും കുട്ടിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.



