കുവൈറ്റ് സിറ്റി: സിഐഡി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫിലിപ്പിനോ യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്കു വേണ്ടി കുവൈറ്റില്‍ അന്വേഷണം തുടങ്ങി. കുവൈറ്റ് സ്വദേശികളുടെ ദേശീയ വേഷം ധരിച്ചെത്തിയ യുവാവാണ് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് ഫിലിപ്പിനോ യുവതി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഏജന്‍സികള്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചത്.
ഒരു കാറില്‍ ഫിലിപ്പിനോ യുവതിക്കു സമീപമെത്തിയ പ്രതി താന്‍ സിഐഡി ഉദ്യോഗസ്ഥനാണെ് അവകാശപ്പെട്ട് യുവതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഇതിനു ശേഷം സിഐഡി ആസ്ഥാനവുമായി ഫോണില്‍ ബന്ധപ്പെടുന്നതു പോലെ അഭിനയിച്ച പ്രതി, ഒരു കേസുമായി ബന്ധപ്പെട്ട് യുവതിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനായി സിഐഡി ആസ്ഥാനത്തേക്ക് തന്റെ കൂടെ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് യുവാവിന്റെ കാറില്‍ കയറിയ യുവതിയെ ഓഫീസിലേക്ക് കൊണ്ടുപോവുന്നതിനു പകരം ആളൊഴിഞ്ഞ ദൂരദിക്കിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറിയിച്ചു.
അല്‍ ഫന്‍താസ് ഏരിയയിലെ ഒഴിഞ്ഞ പ്രദേശത്തെത്തിയ ഇയാള്‍ വാഹനം നിര്‍ത്തിയ ശേഷം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ബലപ്രയോഗത്തിലൂടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. കൃത്യത്തിനു ശേഷം ഒരു വീട്ടുവളപ്പില്‍ ഫിലിപ്പിനോ യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് പ്രതി സ്ഥലം വിടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
പ്രതിക്കായി അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ കുറിച്ചു തെളിവുകളും സൂചനകളും ലഭിക്കുന്നതിനായി പരിസര പ്രദേശങ്ങളിലെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. യുവതിയില്‍നിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ അവരെ ഫോറന്‍സിക് മെഡിസിനിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിയാണെന്ന് സംശയിക്കുന്ന ഒന്നിലധികം പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. താമസിക്കാതെ പ്രതിയെ പിടികൂടാനാവുമെന്നാണ് കരുതുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.