കൊച്ചി: യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച് വഴിയിൽ തള്ളുകയും ചെയ്ത സംഭവത്തിൽ പാസ്റ്റർ ഉൾപ്പെടെ 3 പേർ പിടിയിൽ. വരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര സുദർശനനെ (42) ആണ് ഈ മാസം 21ന് രാവിലെ കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിനു സമീപം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു.
വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിന് കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മനോനില ശരിയല്ലെന്ന് കണ്ട് അഗതിമന്ദിരത്തിലാക്കുകയും ചെയ്ത വ്യക്തിയാണ് സുദർശൻ. എന്നാൽ ഇവിടെ വച്ച് അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാർ സുദർശനെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ശരീരത്തിലെങ്ങും കത്തി കൊണ്ട് വരഞ്ഞ പാടുമുണ്ട്. ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്തു. തുടർന്നാണ് കൊടുങ്ങല്ലൂരിൽ വഴിയരികിൽ തള്ളുന്നത്. ആരാണ് ഇയാളെ ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഏതാനും ദിവസങ്ങളായി പൊലീസ്.
തുടർന്ന് ആലപ്പുഴയിലെ ബന്ധുക്കളെ കണ്ടെത്തി. അരൂരിൽ താമസിച്ചിരുന്ന സുദർശനൻ ഏതാനും മാസങ്ങളായി കുത്തിയതോടാണ് താമസം. അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദർശനൻ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കൊച്ചിയിൽ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. കൊലപാതകത്തിന്റെ പകപോക്കലാകാം ആക്രമണത്തിനു പിന്നിലെന്നാണ് സുദർശനന്റെ കുടുംബാംഗങ്ങൾ പൊലീസിന് നൽകി മൊഴി. എന്നാൽ ഇതിനിടെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പൊലീസിനു മറ്റൊരു തുമ്പ് ലഭിക്കുന്നത്. സുദർശനെ വഴിയരികിൽ തള്ളിയ സ്ഥലത്തു കൂടി കടന്നു പോകുന്ന അഗതി മന്ദിരത്തിന്റെ വാഹനത്തിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. തുടർന്ന് മറ്റ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ ഇവരാണ് സുദർശനെ കൊണ്ടുവന്നു തള്ളിയതെന്ന് പൊലീസിന് മനസ്സിലാവുകയായിരുന്നു.



