ഒരു ദിവസത്തിന്റെ ദൈർഘ്യം എക്കാലത്തും 24 മണിക്കൂർ ആയിരിക്കുമെന്ന് കരുതേണ്ട. ദിവസങ്ങൾക്ക് ദൈർഘ്യം കൂടുന്ന പ്രക്രിയ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ ഭ്രമണം പതുക്കെയാകുന്നതാണ് കാരണം. 24 മണിക്കൂർ ദൈർഘ്യമുള്ള ദിവസങ്ങൾക്ക് പകരം 25 മണിക്കൂറുള്ള ദിവസങ്ങൾ വിദൂരഭാവിയിൽ വരും.
എന്നാൽ വളരെ സാവധാനം നടക്കുന്ന, മനുഷ്യർക്ക് തിരിച്ചറിയാൻ സാധിക്കാത്ത ഒരു പ്രക്രിയയാണിത്. അതിനാൽ നിലവിൽ ക്ലോക്കുകളിലോ കലണ്ടറുകളിലോ ഇത് യാതൊരു സ്വാധീനവും ഉണ്ടാക്കില്ല. ചന്ദ്രന്റെ വേലിയേറ്റ ഘർഷണം കാരണമാണ് ഭൂമിയുടെ ഭ്രമണം പതുക്കെയാകുന്നത്. ഒരു നൂറ്റാണ്ടിൽ ഏകദേശം 1.7 മില്ലിസെക്കൻഡ് എന്ന കണക്കിലാണ് ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കുന്നത്.
ദിവസങ്ങളുടെ ദൈർഘ്യം കൂടുന്നത് വളരെ സാവധാനത്തിലാണ് എന്നത് മനുഷ്യനടക്കം ഏറെ ആശ്വാസം നൽകുന്നതാണ്. കാരണം ഒരു ദിവസം പെട്ടെന്ന് 25 മണിക്കൂറായാൽ അത് മനുഷ്യന്റെ മുഴുവൻ സമയക്രമീകരണ സംവിധാനത്തെയും ഗൗരവതരമായി സ്വാധീനിക്കും. അത് മനുഷ്യരുടെ ഇന്റേണൽ ക്ലോക്കുകളെ താളം തെറ്റിക്കും.
നമ്മുടെ ശരീരവും മറ്റെല്ലാ ജീവജാലങ്ങളും 24 മണിക്കൂർ ജൈവഘടികാരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് ഉറക്ക രീതികൾ, ഹോർമോണുകൾ എന്നിവ അടക്കമുള്ളവയെ സ്വാധീനിക്കുന്നു. ദിവസത്തിന്റെ ദൈർഘ്യത്തിലെ ഏതൊരു മാറ്റവും ജൈവ ഘടികാരത്തെ താളം തെറ്റിക്കാൻ ഇടയാക്കും. മാനസിക പ്രശ്നങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ അപകടസാധ്യത ഇതുമൂലം വർധിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഒരു ദിവസം വളരെ സാവധാനത്തിൽ ദൈർഘ്യമേറിയതായി മാറിയാൽ ജീവജാലങ്ങൾ കാലക്രമേണ അതുമായി പൊരുത്തപ്പെടാൻ സാധ്യതയുണ്ട്. ഏകദേശം 20 കോടി വർഷങ്ങൾക്ക് ശേഷം മാത്രമായിരിക്കും ഇത് സംഭവിക്കുക എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.



