തിരുവനന്തപുരം : താൽക്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്നും ആവശ്യപ്പെട്ട് എൻ.ശക്തൻ നേതൃത്വത്തെ സമീപിച്ചു. പാലോട് രവി രാജിവച്ചപ്പോൾ 10 ദിവസത്തേക്ക് എന്നു പറഞ്ഞ് ഏൽപിച്ച ചുമതലയിൽ നിന്നു 3 മാസമായിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ ശക്തൻ ബന്ധപ്പെട്ടത്. പുതിയ പുനഃസംഘടനയിൽ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയതോടെ, ശക്തൻ ഡിസിസി പ്രസിഡന്റായി തുടരുമെന്ന സൂചനയാണു നേതൃത്വം നൽകിയത്.
ഇതോടെയാണ് പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റണമെന്ന് ശക്തൻ ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജിക്കു മുതിർന്നേക്കുമെന്നാണു വിവരം. ശക്തൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യപ്പെടുന്നുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിന്റേത് ജില്ലയിലാകെ പൂർണ ശ്രദ്ധ വേണ്ട ചുമതലയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ആ നിലയ്ക്ക് തന്നെക്കാൾ സജീവമായി ഇടപെടാൻ കഴിയുന്ന ഒരാൾ വരണം എന്ന അഭിപ്രായമാണ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പേരു പറഞ്ഞു കേട്ടവരിൽ ടി.ശരത്ചന്ദ്ര പ്രസാദിനെ കെപിസിസി വൈസ് പ്രസിഡന്റായും മണക്കാട് സുരേഷിനെ ജനറൽ സെക്രട്ടറിയായും പുനഃസംഘടനയിൽ നിയമിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എ ഗ്രൂപ്പിലെ പ്രധാന നേതാക്കളും മുന്നോട്ടു വയ്ക്കുന്ന പേര് ചെമ്പഴന്തി അനിലിന്റേതാണ്.



