ഡൽഹി: വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ തലസ്ഥാന നഗരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗ്രേഡഡ് റെസ്‌പോൺസ് ആക്‌ഷൻ പ്ലാൻ നാലാം ഘട്ടം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സർക്കാർ നടപടി. ഡൽഹിയിലെ ഓഫിസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർക്കു മാത്രമേ ഇനി ഹാജരാകാൻ അനുമതിയുള്ളു. ബാക്കിയുള്ള ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (വർക്ക് ഫ്രം ഹോം) മാനദണ്ഡങ്ങൾ തൊഴിൽ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. ഡിസംബർ 18 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും.
ഗ്രേഡഡ് റെസ്‌പോൺസ് ആക്‌ഷൻ പ്ലാൻ (GRAP) നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജോലി നഷ്ടപ്പെട്ട നിർമാണ തൊഴിലാളികൾക്ക് 10,000 രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. ഗ്രാപ് സ്റ്റേജ് 3 പ്രകാരം 16 ദിവസമാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. ഈ കാലയളവിലെ നഷ്ടപരിഹാരമാണ് റജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കു ലഭിക്കുക. ഗ്രാപ് സ്റ്റേജ് 4മായി ബന്ധപ്പെട്ട നഷ്ടപരിഹാരം നിയന്ത്രണങ്ങൾ നീക്കിയ ശേഷം കണക്കാക്കും.
അതിനിടെ ബുധനാഴ്ച രാവിലെ ഡൽഹിയിലെ വായു ഗുണനിലവാര സൂചികയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും, 328 എന്ന നിലയിൽ സൂചികയുടെ ‘അതിരൂക്ഷം’ വിഭാഗത്തിലാണ് ഇപ്പോഴുമുള്ളത്. നഗരത്തിന്റെ പല ഭാഗങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടിട്ടുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞിട്ടുണ്ട്. മൂടൽമഞ്ഞ് രൂപപ്പെട്ടതിനെത്തുടർന്ന് നിരവധി അപകടങ്ങളും റിപ്പോർട്ട് ചെയ്തു.



