പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാശ്രയരായ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 300 -മത് സ്നേഹഭവനം അടൂർ ആനന്ദപ്പള്ളി മണിയൻകോട്ട് മേരിക്കുട്ടിക്കും മേരിക്കുട്ടിയുടെ കൊച്ചുമകൾ ബിജിതക്കുമായി വിദേശ മലയാളിയായ ജോബ് വർഗീസിന്റെയും സൂസി വർഗീസിന്റെയും സഹായത്താൽ ഈസ്റ്റർ ദിന സമ്മാനമായി നിർമ്മിച്ചു നൽകി.
വീടിൻ്റെ താക്കോൽദാനവും ഉദ്ഘാടനവും നാരീശക്തി പുരസ്കാര ജേതാവ് കൂടിയായ ഡോ. എം .എസ്. സുനിൽ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ ഒരു വീട് ഇല്ലാതെ യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാത്ത ഇടിഞ്ഞുവീഴാറായ ചോർന്നൊലിക്കുന്ന ടാർപോളിൻ കുടിലിൽ ആയിരുന്നു മേരിക്കുട്ടിയും പ്ലസ് ടു വിദ്യാർത്ഥിനിയായ അച്ഛനും അമ്മയും നഷ്ടപ്പെട്ട വിജിതയും താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കാണാൻ ഇടയായ ടീച്ചർ ഇവർക്കായി സ്ഥല പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങിയ രണ്ട് നില വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ അടൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, ഐ. എച്ച്. ആർ. ഡി. കോളേജ് പ്രിൻസിപ്പാൾ ഡോ. സന്തോഷ് ബാബു, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, പ്രൊ. രാജു തോമസ്,റെജി രാമകൃഷ്ണൻ, അവിജിത്ത് പിള്ള, ചന്ദൻ. എസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങി നോടനുബന്ധിച്ച് ചടങ്ങിൽ പങ്കെടുത്തവർക്ക് ഈസ്റ്റർ വിരുന്നും സംഘടിപ്പിച്ചു.