ദുബായിലെ ഗ്ലോബൽ വില്ലേജിന്റെ 30-ാംസീസണിലേക്കുള്ള പ്രവേശന ടിക്കറ്റിന്റെ നിരക്കുകൾ പ്രഖ്യാപിച്ചു. ഈ മാസം 15 മുതലാണ് ഗ്ലോബൽ വില്ലേജ് ആരംഭിക്കുന്നത്. പൊതു അവധികൾ ഒഴികെ, ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലെ ടിക്കറ്റിന് 25 ദിർഹമാണ് വില. മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും പ്രവേശനം സൗജന്യമാണ്.
2026 മെയ് 10 വരെയാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് നീണ്ടുനിൽക്കുക. ഗ്ലോബൽ വില്ലേജിൻ്റെ ഏറ്റവും വർണാഭമായ പതിപ്പാകും ഇത്തവണ ഉണ്ടാകുകയെന്ന് അധികൃതർ ഉറപ്പ് നൽകി. വിഐപി ടിക്കറ്റുകൾക്ക് 1,800 ദിർഹം മുതലാണ് നിരക്കുകൾ. വിഐപി ടിക്കറ്റുകൾ വഴി ഗ്ലോബൽ വില്ലേജിലെ നിരവധി ആകർഷണങ്ങളിലേക്ക് മികച്ച പ്രവേശനം ലഭ്യമാകും. കൂടാതെ എമിറേറ്റിലെ മറ്റ് പാർക്കുകളിലേക്കുള്ള വാർഷിക പാസുകളും ഇതുവഴി ലഭിക്കുന്നതാണ്. ഇതിനായി ഒരു വിഐപി പാക്ക് ഉടമയ്ക്ക് 30,000 ദിർഹം മൂല്യമുള്ള ഒരു ചെക്കും ലഭിക്കും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിഐപി പാക്കുകൾക്ക് ഇത്തവണ വില കൂടുതലാണ്. 300 ദിർഹത്തിന്റെ വർദ്ധനവാണ് വിഐപി ടിക്കറ്റുകൾക്ക് രേഖപ്പെടുത്തിയത്. അതിനിടെ വിഐപി ടിക്കറ്റുകളുടെ വിൽപ്പന തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ, ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ നാല് പാക്കുകളും വിറ്റുതീർന്നു.



